- 13 പ്രതികളെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് കുടുംബം
- കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിധിച്ചത് വിചിത്രമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൺ തില്ലങ്കേരി
കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി എൻ.ഡി.എഫ് പ്രവർത്തകനായ എം.വി മർഷൂക്കിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്.
കേസിലെ മൂന്നാം പ്രതിയായ ചാവശ്ശേരി സ്വദേശി എം.വി മർഷൂക്ക് കുറ്റക്കാരനെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 14 പ്രതികളുണ്ടായിരുന്ന കേസിൽ എൻ ഡി എഫ് പ്രവർത്തകരായ മറ്റ് 13 പ്രതികളെയും കുറ്റക്കാരെന്ന് തെളിയിക്കാനാവാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. 2005 മാർച്ച് പത്തിനാണ് ബസിൽ യാത്ര ചെയ്യവെ അശ്വിനി കുമാറിനെ ഇരിട്ടിയിൽ വച്ച് അക്രമിസംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
13 പ്രതികളെ വെറുതെ വിട്ട കോടതി നടപടിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൺ തില്ലങ്കേരി പ്രതികരിച്ചു. ഒൻപത് പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിധിച്ചത് വിചിത്രമാണെന്നും വൽസൺ പറഞ്ഞു.
പ്രതികളെ വെറുതെ വിട്ട നടപടിയിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് അശ്വിനികുമാറിന്റെ കുടുംബവും പ്രതികരിച്ചു.