ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്.
ജാമ്യ വ്യവസ്ഥയില് ഇളവ് നല്കണമെന്നഭ്യർത്ഥിച്ച് സിദ്ദിഖ് കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതിന് പുറമേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായും ബന്ധപ്പെടരുത്, പാസ്‌പോർട്ട് നല്കണം തുടങ്ങിയ വ്യവസ്ഥകളായിരുന്നു ജാമ്യ ഉത്തരവിൽ സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നല്കിയെങ്കിലും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടരുകയായിരുന്നു
യു.പിയിലെ ഹത്‌റാസിൽ 19-കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത്. കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യു.എ.പി.എ അടക്കം ചുമത്തിയിരുന്നു.
രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം 2022 സെപ്തംബറിലാണ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. 2022-ലെ പ്രസ്തുത ജാമ്യ ഉത്തരവിലെ വ്യവസ്ഥകളിലാണിപ്പോൾ കോടതി ഇളവ് അനുവദിച്ചത്.