തൃശൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിലേക്ക് ഒഴുക്കിയ കള്ളപ്പണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങളുള്ളത്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കേരത്തിലെല്ലായിടത്തും ബി.ജെ.പിക്കായി കള്ളപ്പണമെത്തിച്ചെന്നാണ് ധർമരാജന്റെ മൊഴിയിലുള്ളത്. മാർച്ച് 1, മാർച്ച് 26 തിയ്യതികൾക്കിടയിലാണ് കോടികൾ ബി.ജെ.പി കേരളത്തിലേക്ക് ഒഴുക്കിയത്. ഇപ്രകാരം 41 കോടി രൂപയാണ് പല ഘട്ടങ്ങളിലായി ബി.ജെ.പി ജില്ലകൾക്ക് കൈമാറിയത്. ഇതിൽ എട്ട് കോടി കവർച്ച ചെയ്യപ്പെട്ടുവെന്നുമാണ് മൊഴിയിലുള്ളത്.
കൂടുതൽ പണമെത്തിച്ചത് തൃശൂരിലേക്കാണ്. 12 കോടി രൂപയാണ് തൃശൂർ ജില്ലയിൽ മാത്രം എത്തിച്ചതെന്നാണ് മൊഴി. 11.5 കോടി നൽകിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. പാലക്കാട്ടേക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവർച്ച ചെയ്യപ്പെട്ടെന്നും പറയുന്നു.
ആലുവയിൽ ഒരു നേതാവിന് മാത്രം 50 ലക്ഷം രൂപയാണ് ബി.ജെ.പി കൈമാറിയത്. ആലപ്പുഴയിൽ ഒരു കോടി പത്ത് ലക്ഷം, കണ്ണൂരിൽ ഒരു കോടി നാൽപത് ലക്ഷം രൂപ എന്നിങ്ങനെ ഓഫീസ് സ്റ്റാഫുകൾക്കായി നല്കിയിട്ടുണ്ട്.
കാസർകോട് 1 കോടി 50 ലക്ഷം മേഖല സെക്രട്ടറിക്ക് കൈമാറി. കോഴിക്കോട് വൈസ് പ്രസിഡന്റിന് 1 കോടി 50 ലക്ഷം രൂപയും കൈമാറിയതായി മൊഴിയിലുണ്ട്. ആലപ്പുഴയിൽ ജില്ലാ ട്രഷറർക്ക് മൂന്നര കോടി രൂപ കൈമാറാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഈ പണം കവർച്ച ചെയ്യപ്പെട്ടു. പത്തനംതിട്ടയിൽ 1 കോടി 40 ലക്ഷവും നൽകിയെന്നാണ് മൊഴി. 2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധർമരാജന്റെ മൊഴികളിലുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ സംസ്ഥാനത്തിന് പുറത്തുനിന്നും പണം സ്വീകരിക്കുന്നത് സാധാരണമാണെങ്കിലും കോടികളുടെ കള്ളപ്പണം കടത്തുന്ന സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇത്രയേറെ കോടികൾ ഒഴുകിയിട്ടും ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിൽ സമൂഹമാധ്യമങ്ങളിൽ വിമർശം ശക്തമാണ്.
അതിനിടെ, കൊടകര കുഴൽപ്പണ കേസിലെ തുടരന്വേഷണത്തിൽ പോലീസ് നടപടികൾ ഊർജിതമാക്കുന്നതായി വിവരമുണ്ട്. കേസിലെ കക്ഷിയും ബിജെ.പി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടികൾ ഊർജിതമാക്കുന്നത്. കുഴൽപ്പണ കേസിൽ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസിന് നൽകുമെന്ന് സതീഷ് പ്രതികരിച്ചു. കോടതി അനുമതിയോടെ സതീഷിന്റെ മൊഴിയെടുക്കാനും പോലീസ് നീക്കമുണ്ട്.