പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ശുചീകരണ തൊഴിലാളികളായ തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിടിച്ചശേഷം ഒരാൾ പുഴയിലേക്ക് വീണതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഒരു പുരുഷന്റെ മൃതദേഹമാണ് കിട്ടാനുള്ളത്. ട്രെയിൻ വരുമ്പോൾ രണ്ടു പുരുഷന്മാരും പാലത്തിന്റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിൻ ഇടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് ഇന്ന് വൈകിട്ട് 3.05-ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.
റെയിൽവേ ട്രാക്കിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരുന്നവരാണ് അപകടത്തിൽ പെട്ടത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചതായി പോലീസ് പറഞ്ഞു. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് റെയിൽ പാളത്തിൽ നിന്ന് മാലിന്യം നീക്കിയിരുന്നത്. ഇതിൽ ആറു പേർ ഓടി രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.