കോഴിക്കോട്: ബി.ജെ.പിയിലേക്ക് ക്ഷണം ലഭിച്ചത് തുറന്നുപറഞ്ഞ് എ.ഐ.സി.സി പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വാജ്‌പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തിയാണ് ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. അപ്പോൾ താനെഴുതിയ പുസ്തകങ്ങൾ വായിച്ചിട്ടില്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചുവെന്നും തരൂർ പറഞ്ഞു.
മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിച്ച ഹോർത്തൂസ് വേദിയിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് താൻ പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായത്. ഒരുപക്ഷേ അവർ എന്നെ വിദേശകാര്യ മന്ത്രിയാക്കുമായിരുന്നെന്നും എന്നാൽ ഒരിക്കലും തനിക്ക് ഒരു ബി.ജെ.പിക്കാരനാകാൻ സാധിക്കില്ലെന്നും അവർ ഭാരതത്തെ കാണുന്ന രീതിയിലല്ല താൻ കാണുന്നതെന്നും തരൂർ അറിയിച്ചു.
തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും തനിക്ക് അവരുമായി യോജിക്കാനാകുമായിരുന്നില്ല. വർഷങ്ങളോളം താൻ ഒരു രാഷ്ട്രീയത്തിലാണ് പ്രവർത്തിച്ചത്. അന്നെല്ലാം താൻ വിമർശിച്ച മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും രാഷ്ട്രീയജീവിതത്തിലെ നിർണായകമായ ആ ഓഫർ നിരസിച്ച് തരൂർ തീർത്തുപറഞ്ഞു.
രാഷ്ട്രീയത്തിൽനിന്ന് ഇറങ്ങിയശേഷം സമയം ലഭിച്ചാൽ ആത്മകഥ എഴുതുമെന്നും തരൂർ പറഞ്ഞു. ഞാൻ ഓരോന്നു പറയുമ്പോഴും വിവാദങ്ങൾ കൂടിക്കൂടി വന്നതോടെ ഒടുവിൽ ഒന്നും പറയാതിരിക്കാൻ വരെ എനിക്ക് തീരുമാനിക്കേണ്ട സ്ഥിതിയുണ്ടായെന്നും ചില വിവാദങ്ങളെ സൂചിപ്പിച്ച് തരൂർ വ്യക്തമാക്കി.
ഇന്ത്യ എല്ലാവരുടേതുമല്ല, ഹിന്ദുക്കളുടേതു മാത്രമെന്ന് രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നതായും ശശി തരൂർ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാ വിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നത്. എ.ബി.വാജ്‌പേയി ഈ ഭാഷയിലല്ല സംസാരിച്ചതെന്നും ശശി തരൂർ ഓർമിപ്പിച്ചു. ഗോദ്‌സെ മുൻ ആർ.എസ്.എസുകാരനായിരുന്നുവെന്നും ഗാന്ധിജി ഹിന്ദുക്കൾക്ക് എതിരാണെന്ന ആർ.എസ്.എസ് പാഠം എട്ടാം വയസ്സു മുതൽ കേട്ടാണ് മോഡി വളർന്നതെന്നും തരൂർ പറഞ്ഞു.