- എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപോർട്ട് വ്യക്തമാക്കുന്നു
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റവന്യു മന്ത്രി കെ രാജനാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. എ ഗീത തയ്യാറാക്കിയ അന്വേഷണ റിപോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപോർട്ടിലുള്ളത്. എന്നാൽ, തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ പരാമർശം റിപോർട്ടിലുണ്ട്. പക്ഷെ, എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപോർട്ടിന്റെ ഉള്ളടക്കത്തിലില്ല. റിപോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.
തന്റെ ആരോപണങ്ങളെല്ലാം പാളിയതോടെ, കേസിലെ മുഖ്യ പ്രതിയായ സി.പി.എം നേതാവ് പി.പി ദിവ്യ കലക്ടറുടെ ഈ മൊഴി ആയുധമാക്കാനാണ് ഇപ്പോൾ കിണഞ്ഞു ശ്രമിക്കുന്നത്. കലക്ടറുടെ ഈ മൊഴി ആദ്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നില്ലെന്നും റിപോർട്ടുകളുണ്ടായിരുന്നു.
അതിനിടെ, വെള്ളിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിൽ വിട്ട പി.പി ദിവ്യയെ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി. ആദ്യം കണ്ണൂർ എ.സി.പി രത്‌നകുമാറിന്റെ ഓഫീസിൽ വച്ചും പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചുമായിരുന്നു അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ.
കോടതി വൈകുന്നേരം അഞ്ചുവരെയായിരുന്നു പോലീസിന് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. നിശ്ചിത സമയത്തുതന്നെ വളരെ രഹസ്യമായി പോലീസ് പ്രതിയെ ജയിലിൽ എത്തിക്കുകയായിരുന്നു. നിർണായകമായ പല കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലിൽ പോലീസ് ശ്രമിച്ചതെന്നാണ് വിവരം.
കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ദിവ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയതും വീഡിയോ ഗ്രാഫറെ ഏർപ്പാടാക്കിയതും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമെല്ലാം തികഞ്ഞ ആസൂത്രണത്തോടെയാണെന്ന് പോലീസ് റിമാൻഡ് റിപോർട്ടിൽ വ്യക്തമാക്കിയതാണ്. ക്രിമിനൽ മനോഭാവമുള്ള പ്രതി ചോദ്യങ്ങളോട് സഹകരിച്ചില്ലെന്നും റിപോർട്ടിലുണ്ടായിരുന്നു.
എന്നാൽ, എ.ഡി.എം നവീൻ ബാബുവിനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നൽകിയിട്ടില്ല. ഇത് കൂടാതെ പെട്രോൾ പമ്പിന് പിന്നിലെ ബിനാമി ഇടപാടിൽ ദിവ്യയുടെ പങ്ക്, പ്രോട്ടോക്കോൾ ലംഘിച്ച് എ.ഡി.എമ്മിനെതിരേ തിരിയാൻ ദിവ്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ, ഉത്തരവാദപ്പെട്ട രീതിയിൽ പരാതി നൽകാത്തതിന്റെ കാരണം അടക്കമുള്ള വിഷയങ്ങളിലും പ്രതിയിൽനിന്നും അന്വേഷണ സംഘം കൂടുതൽ വ്യക്തത തേടിയതായാണ് അറിയുന്നത്. പോലീസ് കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മൗനം മാത്രമായിരുന്നു ദിവ്യയുടെ മറുപടി.
ദിവ്യയുടെ ജാമ്യാപേക്ഷയിലെ സാങ്കേതിക നടപടിക്രമങ്ങൾ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയാവുകയാണ്. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേരുന്നുണ്ട്. ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക.