മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തലവരമാറ്റാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിയമിച്ച പരിശീലകനാണ് റൂബന്‍ അമോറിം. ഇന്നാണ് അമോറിമിനെ കോച്ചായി മാഞ്ചസ്റ്റര്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. മോശം ഫോമിനെ തുടര്‍ന്ന് കോച്ച് എറിക് ടെന്‍ ഹാഗിനെ പുറത്താക്കിയിരുന്നു. തല്‍സ്ഥാനത്തേക്കാണ് മുന്‍ പോര്‍ച്ചുഗല്‍ താരമായ അമോറിം എത്തുന്നത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്ന പോര്‍ച്ചുഗ്രീസ് ക്ലബ്ബിന്റെ തലവരമാറ്റിയ കോച്ചാണ് 39കാരനായ അമോറിം.
പെപ് ഗാര്‍ഡിയോളയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിട്ട, ബാഴ്‌സയുടെയും യുവന്റസിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും ലിവര്‍പൂളിന്റെയും വരെ പരിശീലകരെ തേടിയുള്ള റഡാറില്‍ നിരന്തരം വന്നുപെട്ടിരുന്ന റൂബന്‍ അമോറിനെ ടീമിലെത്തിക്കാനുള്ള ഭാഗ്യം ലഭിച്ചത് ചെകുത്താന്‍മാര്‍ക്കാണ്.
ലോകകപ്പിനായി രണ്ട് തവണ പോര്‍ച്ചുഗല്ലിനെ പ്രതിനിധീകരിച്ചിറങ്ങിയ താരമാണ് അമോറിം. പോര്‍ച്ചൂഗീസ് ലീഗില്‍ വര്‍ഷങ്ങളായി ബെന്‍ഫിക്കയും പോര്‍ട്ടോയും പുലര്‍ത്തിപോന്ന ആധിപത്യം തകര്‍ത്ത് സ്‌പോര്‍ട്ടിംഗിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത പുലിയാണ് ഇദ്ദേഹം.
14 അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ജഴ്സിയണിഞ്ഞ അമോറിം 2003-ല്‍ പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ബെലെനെന്‍സസിന് വേണ്ടി അവരുടെ സീനിയര്‍ ക്ലബ്ബിലാണ് അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ വലിയൊരു പങ്ക് ബെലെനെന്‍സസിന് ഒപ്പം തന്നെയായിരുന്നു. ആറ് സീസണുകളിലായി 154 മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഇടയ്ക്ക് റൈറ്റ് ബാക്കായും അദ്ദേഹം കളിച്ചു. എന്നാല്‍ അതിഗുരുതരമായി ലിഗമെന്റിന് ഏറ്റ പരിക്ക് റൂബന്‍ അമോറിമിന്റെ കളിജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടു.
മൈതാനത്തേക്ക് ഇറങ്ങാന്‍ ഇനിയാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട അമോറിം 32-ാം വയസില്‍ ചങ്ക് പിടഞ്ഞ് വിരമിച്ചു. എന്നാല്‍ ഫുട്ബോള്‍ അല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലാത്ത അദ്ദേഹം പരിശീലന യോഗ്യതകള്‍ പൂര്‍ത്തിയാക്കി. 2019 ഡിസംബറില്‍ പോര്‍ച്ചുഗല്‍ ക്ലബായ ബ്രാഗയുടെ ഒന്നാംനിര ടീമിന്റെ മുഖ്യ പരിശീലകനായി. ക്ലബിന്റെ നേട്ടങ്ങളില്‍ മികവുണ്ടെന്ന് മനസിലാക്കിയ സ്പോര്‍ട്ടിങ് ബ്രാഗയുടെ യുവ മാനേജരെ തങ്ങളുടെ സ്വന്തമാക്കി. ഇത് അര്‍ഥവത്തായ തീരുമാനമായിരുന്നുവെന്ന് രണ്ട് മാസത്തിന് ശേഷം തന്നെ തെളിയിച്ചു കൊടുക്കാന്‍ റൂബന്‍ അമോറിമിന് സാധിച്ചു.
പോര്‍ച്ചുഗീസ് ലീഗ് കപ്പിലേക്ക് രണ്ട് തവണ സ്പോര്‍ട്ടിങിനെ നയിച്ചത് അമോറിം ആയിരുന്നു. 34 മത്സരങ്ങളില്‍ 29 എണ്ണം വിജയിച്ച് രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്കയെക്കാള്‍ പത്ത് പോയിന്റ് ലീഡാണ് സ്പോര്‍ട്ടിങിന് ഉണ്ടായിരുന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമോറിമിന്റെ പ്രശസ്തി ഗണ്യമായി ഉയര്‍ന്നു. 19 വര്‍ഷത്തിനിടെ ക്ലബ്ബിന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പ് വിജയമായ 2021-ലെ ‘പ്രൈമിറ ലിഗ’ കിരീടത്തിലേക്ക് സ്പോര്‍ട്ടിംഗിനെ നയിച്ചുവെന്ന് മാത്രമല്ല, ബെന്‍ഫിക്കയും പോര്‍ട്ടോയും ലീഗുകളില്‍ തുടരുന്ന ആധിപത്യം തകര്‍ത്തു കളയുകയും ചെയ്തു.
ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള പരിശീലകരില്‍ ഒരാളായി ഈ പോര്‍ച്ചുഗീസ് മാനേജര്‍ മാറി. ചാംപ്യന്‍സ് ലീഗിലടക്കം സ്‌പോര്‍ട്ടിങിനെ മറ്റ് ടീമുകളുടെ പേടിസ്വപ്‌നമാക്കി മാറ്റാനും ഈ കോച്ചിന് സാധിച്ചു. ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ വരാനിരിക്കുന്ന മല്‍സരങ്ങളടക്കം മൂന്ന് മല്‍സരങ്ങള്‍ കഴിഞ്ഞെ അമോറിം യുനൈറ്റഡിനൊപ്പം ചാര്‍ജ്ജെടുക്കൂ. അമോറിമിന്റെ പവര്‍ എന്താണെന്ന് ഈ ഒറ്റകാര്യം കൊണ്ട് തന്നെ മനസ്സിലാക്കാം.അലക്‌സ് ഫെര്‍ഗൂസണ്‍ന്റെ, സോള്‍ഷ്യറുടെ, ജോസെ മൊറീഞ്ഞോയുടെ ആ പഴയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ റൂബന്‍ അമോറിം എന്ന യുവ പരിശീലകന്‍ തിരിച്ച് കൊണ്ടുവരുമോ എന്ന് കാത്തിരുന്ന് കാണാം.