ഉത്തർ പ്രദേശ്: ഭൂമിത്തർക്കത്തെ തുടർന്ന് കൗമാരക്കാരന്റെ തല വെട്ടിമാറ്റി. അറുത്തുമാറ്റിയ ശിരസ്സുമായി കുട്ടിയുടെ അമ്മ മണിക്കൂറുകളോളം മടിയിൽ വെച്ച് സങ്കടത്തോടെ ഇരുന്നതായും ഗ്രാമവാസികൾ പറഞ്ഞു.
ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് സംഭവം. രാംജീത് യാദവിന്റെ മകൻ അനുരാഗാ(17)ണ് അതി ഭീകരമാംവിധം കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേഷ്, ലാൽത എന്നി രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ കൊലയാളിയെ പിടികൂടാനായിട്ടില്ലെന്നും പോലീസ് പ്രതികരിച്ചു.
ഗ്രാമത്തിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഭൂമിത്തർക്കത്തെ തുടർന്നാണ് 17-കാരന്റെ തല അക്രമിസംഘം അറുത്തുമാറ്റിയത്. ഗൗരബാദ്ഷാപൂർ പോലീസ് സ്റ്റേഷനു കീഴിലെ കബിറുദ്ദീൻ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലി 40 വർഷത്തിലേറെയായി ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അജയ് പാൽ ശർമ്മ പറഞ്ഞു. ഇന്ന് ഇരുപക്ഷവും ഇതേച്ചൊല്ലി ഏറ്റുമുട്ടലുണ്ടായി. അക്രമിസംഘത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അനുരാഗിനെ അക്രമികൾ പിന്തുടർന്ന് വാളുകൊണ്ട് തവ വെട്ടി മാറ്റുകയായിരുന്നു.
സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കുറ്റം ചെയ്തവർക്ക് അർഹിച്ച ശിക്ഷ ഉറപ്പാക്കുമെന്ന് ജൗൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു. ഇരു കക്ഷികൾ തമ്മിലുള്ള പഴയ ഭൂമി തർക്ക കേസ് സിവിൽ കോടതിയുടെ പരിഗണനയിലാണെന്നും തർക്കത്തിൽ മൂന്ന് ദിവസത്തിനകം റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.