ലെബനോന്‍ – സെപ്റ്റംബര്‍ 27 ന് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിച്ച ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ല സെക്രട്ടറി ജനറലായി നഈം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു നഈം ഖാസിം. ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ പദവിയിയില്‍ നിയമിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ഹാശിം സ്വഫിയുദ്ദീനും ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് നഈം ഖാസിമിനെ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ട ശേഷം ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്ത മൂന്നു പ്രസംഗങ്ങളില്‍ നഈം ഖാസിം പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ഒക്‌ടോബര്‍ 15 ന് ആണ് നഈം ഖാസിം ടി.വി പ്രസംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. വെടിനിര്‍ത്തലാണ് പരിഹാരമെന്നും എന്നാല്‍ ഹിസ്ബുല്ല പോരാട്ടം തുടരുമെന്നും ഇസ്രായില്‍ പരാജയപ്പെടുമെന്നും അന്ന് നഈം ഖാസിം പറഞ്ഞു.
1991 മുതല്‍ നഈം ഖാസിം ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. മുന്‍ സെക്രട്ടറി ജനറല്‍ അബ്ബാസ് അല്‍മൂസവിയുടെ കാലത്താണ് ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍ നിയമിക്കപ്പെട്ടത്. 1992 ല്‍ ഇസ്രായില്‍ ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് അബ്ബാസ് അല്‍മൂസവി കൊല്ലപ്പെട്ടത്. 1974 ല്‍ സ്ഥാപിച്ച ലെബനോനിലെ ശിയാ പാര്‍ട്ടിയായ അമലില്‍ ചേര്‍ന്നാണ് നഈം ഖാസിം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഇദ്ദേഹം 1979 ല്‍ അമല്‍ പാര്‍ട്ടി ഉപേക്ഷിക്കുകയും 1982 ല്‍ ഹിസ്ബുല്ലയുടെ സ്ഥാപനത്തിലേക്ക് നയിച്ച യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ആണ് ഹിസ്ബുല്ല സ്ഥാപിച്ചത്. ദീര്‍ഘകാലം ഹിസ്ബുല്ലയുടെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു. നിരവധി വിദേശ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ബെയ്‌റൂത്തിലെ ബസ്ത അല്‍തഹ്താ ഏരിയയില്‍ 1953 ല്‍ ആണ് ജനനം. ഇദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ ദക്ഷിണ ലെബനോനില്‍ ശിയാ ഭൂരിപക്ഷ പ്രദേശമായ കഫര്‍ഫീലയാണ്.