കൊച്ചി: ആറു പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്‌ഫോടന കേസിലെ ഏക പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കി. സർക്കാറിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം.
കൊലപാതകം, സ്‌ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി പ്രതിക്കെതിരേ വിചാരണ നടക്കുക. ഭീകരവാദ കുറ്റകൃത്യത്തിനുള്ള യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിലുണ്ട്.
2023 ഒക്ടോബർ 29-നാണ് സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കൺവൻഷനിൽ സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു.