- മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും രംഗത്ത്
തൃശൂർ: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും രംഗത്ത്.
വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചോദിച്ചിരുന്നു. കള്ളം പ്രചരിപ്പിക്കാൻ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാൾ ആവേശമെന്നും പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇതാണിപ്പോൾ രൂക്ഷ വിമർശത്തിന് ഇടയാക്കിയത്.
‘തൃശൂർ പൂരം കലങ്ങിയത് തന്നെയാണെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു വ്യക്തമാക്കി. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്‌നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പൂരം കലങ്ങിയതല്ല, കലക്കിയത് തന്നെയാണെന്ന് സി.പി.ഐ നേതാവും തൃശൂരിലെ ഇടത് സ്ഥാനാർത്ഥിയുമായ മുൻ മന്ത്രി വി.എസ് സുനിൽ കുമാറും പ്രതികരിച്ചു. പൂരം കലക്കിയതാണെന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണെന്നും സുനിൽ കുമാർ വ്യക്തമാക്കി.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാറും പ്രതികരിച്ചു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസ്സങ്ങളുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരം കലങ്ങിയത് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വടക്കുംനാഥന്റെ മുമ്പിലെത്താൻ ബുദ്ധിമുട്ടുണ്ടായെന്നും തൃതല അന്വേഷണ സംഘം ഇതുവരെ ബന്ധപ്പെട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷും വ്യക്തമാക്കി.
‘തൃശൂർ പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ? കള്ളപ്രചാരണം നടത്താൻ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാൾ ആവേശമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചത്.
തൃശൂർ പൂരത്തിനിടെ ഇടത് മന്ത്രിമാർക്ക് പോലും സാധിക്കാത്തത് ആംബുലൻസ് അടക്കം ദുരുപയോഗം ചെയ്ത് ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിക്ക് സാധിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ഇടതു മുന്നണിക്കകത്തും പുറത്തും വിശ്വാസി സമൂഹങ്ങൾക്കിടയിലും പോലീസിനും സംഘപരിവാറിനുമെതിരേ രൂക്ഷ വിമർശങ്ങളുണ്ടായ ശേഷമാണ് മുഖ്യമന്ത്രി തൃശൂർ പൂരം ഉയർത്തി അനവസരത്തിൽ, മുന്നണിയിൽ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കുന്ന പരസ്യ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയെ തിരുത്തുന്നതിന് പകരം ന്യായീകരിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയും ഇതോടെ അസ്ഥാനത്തായെന്നാണ് വിമർശം.