കോഴിക്കോട്: ഇടത് സഹയാത്രികനും കൊടുവള്ളി മുൻ എം.എൽ.എയുമായ കാരാട്ട് റസാഖും നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ കൂട്ടായ്മയിലേക്കെന്ന് വിവരം. കൊടുവള്ളിയിലെ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് വിട്ട് ഇടതിനൊപ്പം ചേർന്ന കാരാട്ട് റസാഖിനെ സി.പി.എം പിന്തുണയിൽ മത്സരിപ്പിച്ച് എം.എൽ.എയാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ തവണ മണ്ഡലത്തിൽ തോറ്റതിന് പിന്നാലെ ബന്ധം അത്ര ശക്തമല്ല. പാർട്ടിയെ വിശ്വസിച്ച് കൂടെ നിന്നിട്ടും സി.പി.എമ്മിൽനിന്ന് തനിക്കിപ്പോൾ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ട്. കൂടാതെ സർക്കാറിന്റെ പല നിലപാടുകളിലും റസാഖിന് കടുത്ത അതൃപ്തിയുമുണ്ട്. എങ്കിലും ഇത് പരസ്യമാക്കാതെ തുടരുകയായിരുന്നു. എന്നാൽ, അൻവറിനെ പോലുള്ളവരെ പരിധിവിട്ട് തലക്കു വെച്ചതിന്റെ ദുരന്തമാണിപ്പോൾ പാർട്ടി പേറുന്നതെന്നും റസാഖിന്റെ കാര്യത്തിലും ഇത് പാഠമാകണമെന്ന് അഭിപ്രായമുള്ളവരും സി.പി.എമ്മിലുണ്ട്. അതുകൊണ്ടുതന്നെ റസാഖിന്റെ നീക്കങ്ങൾ കരുതലോടെയാണ് നേതൃത്വവും പാർട്ടി അണികളും നിരീക്ഷിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശവുമായി പി.വി അൻവർ രംഗത്തുവന്നപ്പോൾ ആദ്യം അൻവറിനോടൊപ്പമായിരുന്നു റസാഖിന്റെ മനസ്സ്. എന്നാൽ, പിന്നീട് അൻവറിനെ തള്ളിപ്പറഞ്ഞ് സി.പി.എം നേതൃത്വം പരസ്യമായി രംഗത്തുവന്നതോടെ അൻവർ ഉൾവലിയുകയായിരുന്നു.
എന്നാൽ, റസാഖ് ഇപ്പോഴും അൻവറിനെ പൂർണമായും തള്ളിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ചേലക്കരയിലെത്തി കാരാട്ട് റസാഖ്, പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചതായാണ് വിവരം. ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വകാര്യമായാണ് ഇരുവരും ചർച്ച നടത്തിയത്. റസാഖ് അടുത്ത ആഴ്ച ഡി.എം.കെയിൽ ചേരുമെന്നും ശ്രതികളുണ്ട്. എന്നാൽ റസാഖ്, അൻവറിന് പണികൊടുക്കാൻ പോയതാണെന്നാണ് സി.പി.എം അനുകൂലികളിൽ ചിലരുടെ ന്യായീകരണം. എന്തായാലും വരും ദിവസങ്ങളിൽ റസാഖ് തന്റെ നിലപാട് കൂടുതൽ വ്യക്തതയോടെ തുറന്നു പറയുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നത്.
താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കാരാട്ട് റസാഖിന് അറിയാമെന്നും അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ച് സമയമാകുമ്പോൾ വരട്ടെയെന്നും സ്വാഗതം ചെയ്യുമെന്നുമാണ് കൂടിക്കാഴ്ചയോടുള്ള അൻവറിന്റെ പ്രതികരണം.