കോഴിക്കോട്: ഫലസ്തീൻ പോരാളികളെ അധിക്ഷേപിക്കുംവിധം മുജാഹിദ് നേതാവ് ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ‘ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചുപാർക്കുന്ന സായുധ സംഘങ്ങൾ’ എന്ന തലക്കെട്ടിൽ മജീദ് സ്വലാഹി എഴുതിയ കുറിപ്പിനെതിരേ സമൂഹമാധ്യമങ്ങളിൽ വൻ വിമർശമാണ് ഉയരുന്നത്.
പിറന്ന മണ്ണിൽ നിലനിൽപ്പിനായി, സ്വാതന്ത്ര്യനായി പൊരുതുന്ന ഫലസ്തീൻ ജനതയെ ഇഞ്ചിച്ചായി കൊല്ലുന്ന ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്കെതിരേ പോരാടുന്ന ഹമാസിനെയും അവരെ പിന്തുണയ്ക്കുന്ന ഇഖ്‌വാനികൾ, ലെബനാനിലെ ഹിസ്ബുല്ല അടക്കമുള്ള സംഘടനകളെയും അനവസരത്തിൽ, വളരെ മോശമായി ചിത്രീകരിച്ച് ഇസ്രായേലിന്റെ കൈയടി നേടാനേ കുറിപ്പ് ഉപകരിക്കൂവെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശം.
‘ഹിസ്ബുല്ലയുടെ ചരിത്രം തന്നെ ചതിയുടെയും കൊലയുടെയും ചരിത്രമാണ്. ശീഈ മണ്ണും വായുമാണ് അവർക്ക് ഏറെ ഇഷ്ടം….ശക്തനായ ശത്രുവായ ഇസ്‌റായേലിനെ തോണ്ടുകയും പിന്നീട് പ്രായമുള്ളവരുടെ കിടക്കകളിൽ അല്ലെങ്കിൽ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ഒളിച്ചു പാർക്കുകയും ചെയ്യുന്ന ‘യുദ്ധ തന്ത്രമാണ്’ ഹിസ്ബുല്ല ഇപ്പോഴും പയറ്റുന്നത്. ഇതിന്റെയെല്ലാം വില കൊടുക്കേണ്ടി വരുന്നത് ലബനോൻ ജനതയാണെന്ന് മാത്രം. എന്നിട്ടും ചെറുത്ത് നിൽപ്പ് സംഘം എന്ന് സ്വയം പേരിട്ട് നടത്തുന്ന ഈ കാപട്യത്തിനു വിശുദ്ധിയുടെ കുട പിടിക്കാൻ ഇഖ്‌വാൻ ലോബിക്ക് നല്ല തൊലിക്കട്ടി തന്നെ വേണമെന്ന്’ മജീദ് സ്വലാഹി കുറിച്ചു.
കെ.എൻ.എം സി.ഡി ടവർ വിഭാഗം നേതാവായ ഡോ. എ.ഐ അബ്ദുൽമജീദ് സ്വലാഹിയെ നേതൃത്വം തിരുത്തണമെന്നാണ് പലരുടെയും ആവശ്യം. യാതൊരു ചരിത്രബോധവുമില്ലാതെയാണ് മജീദ് സ്വലാഹി എഴുതുന്നതെന്നും ഇപ്രകാരമാണ് ഇയാൾ പ്രതികരിക്കുന്നതെങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേര് ചേർത്ത് കെ.എൻ.എമ്മിനെ ‘കേരള നെതന്യാഹു മുജാഹിദീൻ’ എന്ന് വിളിക്കേണ്ടി വരുമെന്നും ആളുകൾ പരിഹസിക്കുന്നു.
ഡോ. അബ്ദുൽ മജീദ് സ്വലാഹിയുടെ എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചു പാർക്കുന്ന സായുധ സംഘങ്ങൾ
ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി
മിഡിൽ ഈസ്റ്റിൽ ഇപ്പോൾ വലിയ മാധ്യമ പ്രാധാന്യം ലഭിക്കുന്ന വിഷയങ്ങൾക്കിടയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധങ്ങൾ തന്നെയാണ് മുൻപന്തിയിൽ.
ചെറുത്ത് നിൽപ്പ് സംഘങ്ങൾ എന്ന് സ്വയം അറിയപ്പെടുന്ന സംഘങ്ങളോടും സംഘടനകളോടുമാണ് ഇസ്രായേൽ കഴിഞ്ഞ കുറെ കാലങ്ങളായി യുദ്ധം ചെയ്യുന്നത്. ഈ സംഘങ്ങൾ അറബ് രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഇടം പിടിക്കുകയും, രാഷ്ട്രീയ ഇസ്ലാമിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവരുകയാണ്.
ഗസ്സയിൽ ഹമാസ് നടത്തുന്ന യുദ്ധവും ലബനാനിൽ ഹിസ്ബുല്ലാ നടത്തുന്ന യുദ്ധവും തുടർന്നു കൊണ്ടിരിക്കുന്നു. ഗസ്സയിലെ ഹമാസ് യുദ്ധം ഇപ്പോഴും തുടരുന്നുവെങ്കിലും, ലെബനാനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധം കാരണം ഗസ്സയുടെ വാർത്താപ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതേസമയം, ഗസ്സയിലെ ഫലസ്തീനികൾ നേരിടുന്ന ദുരിതങ്ങൾ അനു നിമിഷം വർധിക്കുകയാണ്.
ലബനാനിലെ സാധാരണ ജനതയ്ക്ക് പുതിയ വേദനകളും ദുരിതങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. ഇസ്രായേൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഹിസ്ബുല്ലയുടെ സമ്പൂർണ്ണ നാശം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ പരമ്പരാഗത യുദ്ധങ്ങളല്ല എന്നതാണ് മറ്റൊരു സത്യം. ഒരു സൈന്യം മറ്റൊരു സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടുന്ന യുദ്ധമല്ല ഇത്. ഏറ്റവും പുതിയ, ശക്തമായ ആയുധങ്ങളുമായി സജ്ജമായ ഒരു സൈന്യം, ആയുധങ്ങളാൽ സമ്പന്നമായ സംഘങ്ങളോടാണ് പൊരുതുന്നത്. ഈ മിലിറ്ററി ഗ്രൂപ്പുകൾ സാധാരണ സൈന്യങ്ങൾ പോലെ സ്വതന്ത്രമായ സൈനിക കേന്ദ്രങ്ങളിലോ സൈന്യത്താൽ നിയന്ത്രിത പ്രദേശങ്ങളിലോ പ്രവർത്തിക്കുന്നില്ല. പകരം, ഇവർ ജനങ്ങൾക്കിടയിൽ ഒളിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്, ജനങ്ങളുടെ ജീവൻ കൂടി ഭീഷണിയിലാക്കുന്നതിൽ മാത്രം താൽപ്പര്യം കാണിക്കുന്ന മിലീഷ്യകളാണ് ഇതെല്ലാം.
ഈ സംഘടനകൾ എത്ര വലിയ അപകടമുള്ള തീരുമാനങ്ങളെടുക്കുമ്പോഴും ജനങ്ങളോട് ബന്ധമുള്ളവരോട് ആലോചിക്കാറില്ല.
ഇസ്രായേൽ അധിനിവേശ ശ്രമങ്ങൾ സംരക്ഷിക്കുന്നതിനും ജൂതരുടെ താൽപ്പര്യങ്ങൾക്കുമായി നടക്കുന്ന ഈ യുദ്ധങ്ങൾ ബിൻയാമിൻ നെതന്യാഹുവിന്റെയോ തീവ്ര ഇസ്രായേൽ വലതുപക്ഷത്തിന്റെയോ യുദ്ധങ്ങൾ മാത്രമല്ലെന്ന മറ്റൊരു സത്യത്തെ പലരും അവഗണിക്കുന്നു.
ചെറുത്ത് നിൽപ്പ് സംഘങ്ങളുടെ അനുയായികൾ ഇസ്രായേലിലെ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളെ പ്രതീക്ഷയോടെ നോക്കുന്നതിൽ അർത്ഥമില്ല എന്നാണ് സമകാലിക സംഭവങ്ങൾ നിരീക്ഷിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. കാപട്യം അവിടെയെല്ലാം മുന്നിൽ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാണ്.
ഏറെ പ്രശസ്തമായ ചില ചാനലുകൾ യുദ്ധ യാഥാർത്ഥ്യത്തെ മറയ്ക്കാൻ ശ്രമിക്കുന്നു. ഇത്തരം ചാനലുകൾ പ്രേക്ഷകരെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയാണ്
ചിലർ പുരാണങ്ങളേയും അതിവാദങ്ങളേയും ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ച്, അവ മന:ശാസ്ത്രത്തിന്റെ പുതിയ സങ്കല്പങ്ങളാണ് എന്ന് അവകാശപ്പെടുന്നു. ഈ കള്ളകഥകൾ സമൂഹത്തിന് വഴികാട്ടുമെന്ന് അവകാശപ്പെടുന്നവർക്ക് എതിരായി പ്രതികരിക്കാൻ ചില മാധ്യമങ്ങൾക്ക് കഴിയുന്നില്ല.
ഹമാസ് മുസ്ലിം ബ്രദർഹുഡിന്റെ/ഇഖ്‌വാന്റെ ഫലസ്തീൻ ഘടകമാണ്. ലബനോൻ ഹിസ്ബുല്ലയുടെ ചരിത്രം തന്നെ ചതിയുടെയും കൊലയുടെയും ചരിത്രമാണ്. ശീഈ മണ്ണും വായുമാണ് അവർക്ക് ഏറെ ഇഷ്ടം. ആയിരക്കണക്കിന് നിരപരാധികളായ അറബ് ജനതയെ കൊല്ലുകയും ലബനോൻ എന്ന നാട് പാടെ നശിപ്പിക്കുകയും ചെയ്തവരാണ് ഹിസ്ബുല്ല എന്ന് അധികമാരും അറിയുന്നില്ല.
അറബ് രാജ്യങ്ങൾ ഫലസ്തീൻ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന തേഞ്ഞു പോയ ഇഖ്‌വാൻ വാദം ആവർത്തിച്ചു ഗൾഫ് രാജ്യങ്ങളിൽ കുഴപ്പമുണ്ടാക്കാൻ കരുക്കൾ നീക്കുന്ന ഹിസ്ബുല്ലയുടെ ഒന്നാം നമ്പർ ശത്രു സുഊദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളാണ്. ഇസ്‌റാഈൽ ആണ് ശത്രുവെന്ന് അവർ പോലും കരുതുന്നില്ല.
ഹിസ്ബുല്ല തകർത്ത ലബനോനിലെ മനുഷ്യരെ സഹായിക്കാൻ എന്നും മുന്നിൽ നിൽക്കുന്നത് സുഊദിയാണെന്ന് ഹിസ്ബുല്ലക്ക് അറിയാഞ്ഞിട്ടല്ല.
ഹിസ്ബുല്ല സൗദി അറേബ്യക്കും യു.എ.ഇക്കും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയ സായുധ സംഘങ്ങളെ പരിശീലിപ്പിക്കുകയും, ആയുധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തുവെന്ന സത്യം വിസ്മരിക്കാൻ കഴിയുമോ?
ശക്തനായ ശത്രുവായ ഇസ്‌റാഈലിനെ തോണ്ടുകയും പിന്നീട് പ്രായമുള്ളവരുടെ കിടക്കകളിൽ അല്ലെങ്കിൽ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ഒളിച്ചു പാർക്കുകയും ചെയ്യുന്ന ‘യുദ്ധ തന്ത്രമാണ്’ ഹിസ്ബുല്ല ഇപ്പോഴും പയറ്റുന്നത്.
ഇതിന്റെയെല്ലാം വില കൊടുക്കേണ്ടി വരുന്നത് ലബനോൻ ജനതക്ക് ആണെന്ന് മാത്രം. എന്നിട്ടും ചെറുത്ത് നിൽപ്പ് സംഘം എന്ന് സ്വയം പേരിട്ട് നടത്തുന്ന ഈ കാപട്യത്തിനു വിശുദ്ധിയുടെ കുട പിടിക്കാൻ ഇഖ്‌വാൻ ലോബിക്ക് നല്ല തൊലിക്കട്ടി തന്നെ വേണം.