തിരുവനന്തപുരം: എൻ.സി.പിയുടെ എ.കെ ശശീന്ദ്രനെ മാറ്റി പകരം മന്ത്രിയാക്കണമെന്ന് പാർട്ടി നിർദേശിച്ച കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ കോഴ ആരോപണം. നിലവിൽ ബി.ജെ.പി പക്ഷത്തുള്ള എൻ.സി.പിയുടെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കൂറുമാറാൻ എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപോർട്ട് ചെയ്തത്. ജനാധിപത്യ കേരള കോൺഗ്രസ്, ആർ.എസ്.പി ലെനിനിസ്റ്റ് എന്നീ പാർട്ടികളിലെ എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻ.സി.പി നേതാവായ തോമസ് കെ തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. കേരളത്തിനായി 250 കോടി രൂപ അജിത് പവാർ മാറ്റിവെച്ചതായും പറയുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഓഫറുണ്ടായതെന്നാണ് വിവരം.
ആരോപണം ആന്റണി രാജു ശരിവെച്ചപ്പോൾ കോവൂർ കുഞ്ഞുമോൻ നിഷേധിച്ചതായാണ് മുഖ്യമന്ത്രി പാർട്ടി സെക്രട്ടേറിയറ്റിൽ റിപോർട്ട് ചെയ്തത്. ആന്റണി രാജു വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോൾ കോവൂർ കുഞ്ഞുമോനെ മുഖ്യമന്ത്രി കൊട്ടാരക്കരയിൽ വച്ച് നേരിട്ട് വിളിപ്പിച്ച് കാര്യം അന്വേഷിച്ചപ്പോൾ തനിക്കാരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
ഈ കോഴ ആരോപണമാണ് തോമസ് കെ തോമസിന് മന്ത്രിസ്ഥാനത്തേക്കുള്ള വരവിന് കുരുക്കായതെന്നും റിപോർട്ടുകളുണ്ട്. എന്നാൽ ആരോപണം തള്ളിയ തോമസ് കെ തോമസ് താൻ ശരത് പവാറിനൊപ്പമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട് സീറ്റിൽ നിന്നും മുമ്പ് മത്സരിച്ച കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവാണെന്നും ആരോപിച്ചു. കുട്ടനാട്ടിലെ വികസനം കണ്ട് ആന്റണി രാജുവിന് സമനില തെറ്റിയിരിക്കുകയാണ്. ആരോപണം സംബന്ധിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇന്ന് പറയാമെന്നും അദ്ദേഹം അറിയിച്ചു.
നൂറ് കോടി കൊടുക്കണമെങ്കിൽ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്ന് തോമസ് കെ തോമസ് മാധ്യമങ്ങളോട് ചോദിച്ചു. വിഷയത്തിൽ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നൽകും. അപവാദ പ്രചരണം തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. ശരത് പവാർ പക്ഷത്തു നിൽക്കുന്ന താൻ എങ്ങനെ അജിത് പവാറിന്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിസ്ഥാനത്തേക്കുള്ള തോമസ് കെ തോമസിന്റെ വരവ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്നും ഇത് പാർട്ടിയിലെ ചേരിപ്പോര് കൂടുതൽ രൂക്ഷമാക്കുമെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവർ പറയുന്നു.