തലശ്ശേരി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ കുടുംബം.
കേസിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ച് ഒളിവിൽ പോയ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെ കേസിൽ കക്ഷിചേർന്നാണ് കുടുംബം വാദങ്ങൾ അവതരിപ്പിച്ചത്.
നവീൻ ബാബുവിനെതിരായ പരാതിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ പി.പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബു പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഔചിത്യവും മാന്യതയുമാണ്. പ്രശാന്തും ദിവ്യയും തമ്മിൽ കുട്ടുകെട്ടുണ്ട്. ഇതിൽ ബിനാമി ഇടപാടുണ്ടെന്നും നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് നവീൻ ബാബുവിനോടുള്ള ഇവരുടെ വൈരാഗ്യത്തിന് കാരണമെന്നും കുടുംബം പറഞ്ഞു. എ.ഡി.എമ്മിന് ഉപഹാരം സമ്മാനിക്കുമ്പോൾ ദിവ്യ എണീറ്റുപോയത് അപമാനിക്കാനാണ്. ഷൂട്ടിംഗിന് ആളെ ഏർപ്പാടാക്കിയതിലും അത് പ്രചരിപ്പിച്ചതിലുമുള്ള ദിവ്യയുടെ പങ്കും കൃത്യമാണ്.
നവീനെ, സമൂഹത്തിൽ അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത ശ്രമമാണ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കുടുംബത്തിനായി വാദിച്ച ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ് റാൽഫ് വ്യക്തമാക്കി.
ദിവ്യയുടെ മകളുടെ കാര്യമല്ല, മരിച്ച നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിന്റെ അഭിഭാഷകൻ ഓർമിപ്പിച്ചു. മരണ ഭീതിയെക്കാൾ പ്രധാനം തനിക്ക് അന്തസ്സായിരുന്നുവെന്ന ജൂലിയസ് സീസറുടെ വാക്കുകൾ ഉദ്ധരിച്ചാണ് ജോൺ എസ് റാൽഫ് തന്റെ വാദം അവസാനിപ്പിച്ചത്.