റിയാദ്- അല്‍ഖര്‍ജ് ജയിലില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ഷാജഹാന്‍ മോചിതനായി. കൊല്ലം അഞ്ചല്‍ സ്വദേശി ഷാജഹാന്‍ കഴിഞ്ഞ 23 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന വാഹനം അല്‍ഖര്‍ജിലുള്ള ഒരു ഫലസ്തീന്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് 16 വയസ്സായ കുട്ടി മരണപ്പെടുകയും ആ കുട്ടിയുടെ പിതാവിന് പരുക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. സ്‌പോണ്‍സറും കയ്യൊഴിഞ്ഞതോടെ ഷാജഹാന്‍ ജയിലിലകപ്പെട്ടു.
ഷാജഹാന്റെ കുടുംബം അഭ്യര്‍ത്ഥിച്ചതനുസരിച്ച്, സുഹൃത്തുക്കളായ ബെന്നി ജോസഫ്, അഷ്‌റഫ് വീരാജ്‌പേട്ട് എന്നിവര്‍ അല്‍ഖര്‍ജ് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, ഇസ്മാഈല്‍ കരിപ്പൂര്‍ എന്നിവരുമായി ബന്ധപ്പെട്ടു. ഈ വിഷയത്തില്‍ ഇടപെടാന്‍ കുടുംബത്തിന്റെ പ്രതിനിധിയായി സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന് ഇന്ത്യന്‍ എമ്പസിയില്‍ നിന്ന് അനുമതി പത്രവും ലഭിച്ചു. ശേഷം മരണപ്പെട്ട കുട്ടിയുടെ പിതാവും മറ്റു കുടുംബാംഗങ്ങളുമായും സ്‌പോണ്‍സറുമായും സംസാരിച്ച് നാലര ലക്ഷം റിയാല്‍ എന്ന വലിയ തുകയില്‍ നിന്ന് ദിയാധനം ഒഴിവാക്കിപ്പിക്കുകയും, ചികിത്സക്ക് വേണ്ടി ചെലവായ തുകയില്‍ നിന്ന് 80,000 സൗദി റിയാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും, ഒരു മാസത്തിനകം ഈ തുക നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നും ഫലസ്തീനി കുടുംബത്തില്‍ നിന്നും ഉറപ്പ് വാങ്ങി.
തുടര്‍ന്ന് നാട്ടില്‍ സൗദി കൊല്ലം ജില്ല കെഎംസിസി ഭാരവാഹികളായ നജീം അഞ്ചല്‍ ,ഫിറോസ് കൊട്ടിയം തുടങ്ങിയവരുടെ നേതൃത്വത്തില്‍, വാര്‍ഡ് മെമ്പര്‍ നസീര്‍ പത്തടി , റാഫി പത്തടി എന്നിവരുടെ സഹകരണത്തോടെ കമ്മറ്റി രൂപീകരിച്ച് പണം സ്വരൂപിച്ചു. അല്‍ഖര്‍ജ് ഫര്‍സാന്‍ ഏരിയ കെഎംസിസി കമ്മിറ്റിയും എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റിയും വേണ്ട സഹായങ്ങള്‍ ചെയ്തു.
ഈ തുക മരണപ്പെട്ട ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷം കേസ് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നിന്ന് ഒത്തുതീര്‍പ്പായി. പിന്നീട് കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷനിലും കോടതിയിലുമെത്തി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം കോടതി വിളിപ്പിച്ച് സ്വകാര്യ അവകാശം നേരത്തെ തീര്‍പ്പായതിനാല്‍ പൊതു അവകാശം ഒരു മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി തീര്‍ന്നതിനാല്‍ അടുത്ത ദിവസം തന്നെ ജയില്‍ മോചിതനാകുകയും ചെയ്തു.
ഷാജഹാന്‍ ഓടിച്ചിരുന്ന വാഹനത്തിന് ഇന്‍ഷൂര്‍ ഇല്ലാത്തതാണ് ജയിലിലടക്കാന്‍ കാരണം. സ്‌പോണ്‍സര്‍ അദ്ദേഹത്തെ ജാമ്യത്തിെലെടുക്കാനോ, തുക അടക്കാനോ തയ്യാറാകാത്തതും വിനയായി. നിരന്തരമായ സമ്മര്‍ദ്ദത്തിനൊടുവില്‍ സ്‌പോണ്‍സര്‍ ഷാജഹാനെ ജയിലില്‍ സന്ദര്‍ശിച്ചെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ല. ഈ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്.
പ്രായമായ ഉമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിന് ഷാജഹാന്റെ ജയില്‍ മോചനം വലിയ ആശ്വാസമായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകള്‍ പരിശോധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.