കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ വരവ് വെറും നാമനിർദേശപത്രിക സമർപ്പണമല്ല, വലിയ വാഗ്ദാനം കൂടിയാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക കരുത്തയായ സ്ത്രീ നേതാവാണ്. ഹത്രാസിലും രാജ്യത്തെമ്പാടും സ്ത്രീകൾക്ക് വേണ്ടി പ്രിയങ്ക മുന്നിൽനിന്നത് നിങ്ങൾ കണ്ടതാണെന്നും വയനാട്ടിലെ വികസനത്തിനും പ്രിയങ്ക മുന്നിൽ തന്നെയുണ്ടാകുമെന്നും ഖർഗെ വ്യക്തമാക്കി.
പ്രിയങ്ക നാമനിർദേശപത്രിക സമർപ്പിക്കുന്ന ഈ അവസരത്തിൽ വയനാട്ടിൽ വരാനായതിൽ ഏറെ സന്തോഷമുണ്ട്. വയനാടും കോൺഗ്രസുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്. പാർട്ടിയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് എപ്പോഴുമുള്ള നമ്മുടെ ഈ വിജയങ്ങൾക്ക് കാരണം.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചപ്പോൾ തന്നെ വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വേണമെന്ന് ജനങ്ങൾ പറഞ്ഞതാണ്. പ്രിയങ്ക ശക്തയായ വനിതയാണെന്നും പർലമെന്റിൽ വയനാടിന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ തന്നെ കേൾക്കാമെന്നും ഖർഗെ പറഞ്ഞു.
പ്രിയങ്കയെ വലിയ ഭൂരിപക്ഷത്തിൽ വയനാട്ടിലെ ജനങ്ങൾ ജയിപ്പിക്കണമെന്നും പുതിയ പ്രതീക്ഷയോടെയും ശക്തിയോടെയും ഐക്യത്തോടെയും മുമ്പോട്ട് പോകണമെന്നും ഖർഗെ ചൂണ്ടിക്കാട്ടി.
കേരളത്തെയാകെ ഞെട്ടിച്ച വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച ഖാർഗെ, എല്ലാ വെല്ലുവിളികളെയും മനക്കരുത്തോടെ നേരിട്ട വയനാടൻ ജനതയുടെ ധൈര്യത്തെ അഭിനന്ദിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.