കൽപ്പറ്റ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വയനാടിലേക്കുള്ള മാസ് എൻട്രിക്കിടയിലും നിരാശരായി പതിനായിരങ്ങൾ. രാവിലെ ആരംഭിച്ച റോഡ് ഷോയിൽ പങ്കെടുക്കാനും പിന്തുണ അറിയിക്കാനും പ്രിയ നേതാക്കളെ ഒരു നോക്കു കണ്ട് സന്തോഷം അറിയിക്കാനും ആരവങ്ങളിൽ പങ്കാളിയാകാനും ചുരം കയറിയത് ആയിരക്കണക്കിന് പ്രവർത്തകരാണ്.
എന്നാൽ, റോഡ് ഷോയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കണ്ട ആരാധകർക്ക് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനായില്ല. സുരക്ഷാ പ്രശ്‌നം അടക്കമുള്ളവ പരിഗണിച്ചാണ് റോഡ് ഷോയിൽനിന്ന് സോണിയാ ഗാന്ധിയെ മാറ്റിയതെങ്കിലും പൊതുസമ്മേളന വേദിയിൽ അവരുണ്ടാകുമെന്ന വിവരം പ്രവർത്തകരെ ആഹ്ലാദഭരിതരാക്കി. പൊതുസമ്മേളന വേദിയിൽ സോണിയയെ കണ്ടതോടെ പ്രവർത്തകർക്കും പാർട്ടികൾക്ക് അതീതമായി ചിന്തിക്കുന്നവർക്കുമെല്ലാം ആവേശവും കൂടി. സോണിയയും രാഹുലും പ്രിയങ്കയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം കണ്ടതോടെ ആ സന്തോഷം ചരിത്ര നിമിഷവുമായി. എന്നാൽ, അപ്പോഴും സോണിയാ ഗാന്ധി തങ്ങളോട് രണ്ടു വാക്കു സംസാരിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു പതിനായിരങ്ങൾ.
എന്നാൽ പ്രിയങ്കയും രാഹുലും ഖാർഗെയും സംസാരിച്ചതിന് പിന്നാലെ സോണിയയുടെ വാക്കുകൾ ഇനിയെങ്കിലും കേൾക്കാമെന്ന പ്രതീക്ഷയിലായിരുന്നു കാണികൾ. പക്ഷേ, ആ ജിജ്ഞാസ പൊടുന്നനെ ഇല്ലാതായതോടെ വല്ലാത്ത നിരാശയിലായി പലരും.
കലക്ടറേറ്റിൽ പ്രിയങ്കാ ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയമായതിനാൽ, ഇനി പൊതുസമ്മേളനം നീട്ടുന്നില്ലെന്നു പറഞ്ഞ് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ പരിപാടി പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. അതോടെ സോണിയാ ഗാന്ധിയുടെയയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെയും പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരമാണ് വയനാട്ടിലേക്ക് പ്രിയ നേതാക്കളെ കാണാനും ഐക്യദാർഢ്യം അർപ്പിക്കാനും ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് നഷ്ടമായത്.
ദേശീയ ശ്രദ്ധയാകർഷിച്ച ആവേശ കാഴ്ചകൾക്കിടയിലും സോണിയാ ഗാന്ധി ഒന്ന് സംസാരിച്ചില്ലല്ലോ എന്ന സങ്കടമാണ് പല പ്രവർത്തകരും അടക്കം പറഞ്ഞത്. എങ്കിലും അവരെ നേരിൽ കാണാനായല്ലോ എന്നാണ് പലരും നിർവൃതിയടഞ്ഞത്. ഏഴര വർഷത്തിനുശേഷം ആദ്യമായി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സോണിയയെ പങ്കെടുപ്പിക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസത്തിൽ സ്വയം സമാധാനിക്കുകയായിരുന്നു പല പ്രവർത്തകരും. എന്തായാലും രാഹുൽ ഗാന്ധിയെക്കാൾ മികച്ച ഭൂരിപക്ഷം നൽകി നെഹ്‌റു കുടുംബത്തെ കൂടുതൽ സന്തോഷിപ്പിക്കണമെന്ന മത്സര ബുദ്ധിയിലും ആവേശത്തോടെയുമാണ് നിരാശയ്ക്കിടയിലും പ്രവർത്തകർ പിരിഞ്ഞുപോയത്.