- വയനാട്ടുകാരെ നോക്കാൻ എന്റെ സഹോദരി പൂർണമായ ഊർജം ചെലഴിക്കുമെന്ന് ഉറപ്പാണെന്നും രാഹുൽ
കൽപ്പറ്റ: പാർല്ലമെന്റിൽ രാജ്യത്ത് രണ്ട് എം.പിമാരുണ്ടാകുന്ന ഒരേയൊരു സ്ഥലമായിരിക്കും വയനാടെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒന്ന്, ഔദ്യോഗിക പ്രതിനിധിയായി സഹോദരി പ്രിയങ്കയും മറ്റൊന്ന് അനൗദ്യോഗിക പ്രതിനിധിയായി ഞാനുമായി എപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾക്ക് കൂടെയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാ ഗന്ധിയുടെ റോഡ് ഷോയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
തന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. കൂട്ടുകാർക്ക് എന്ത് പ്രശ്നമുണ്ടായാലും ചെറുപ്പം മുതലെ അവർക്കൊപ്പം നിൽക്കുന്നതാണ് പ്രിയങ്കയുടെ രീതി. അതിനാൽ തന്നെ വയനാട്ടുകാരുടെ എന്ത് പ്രശ്നത്തിലുംനിങ്ങളെ നോക്കാൻ സഹോദരി പൂർണമായ ഊർജം ചെലഴിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നൽകണം. നിങ്ങൾ വയനാട്ടുകാർക്ക് ഞാൻ എന്റെ സഹോദരിയെ ഏൽപ്പിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പൂർണ പിന്തുണ സഹോദരിക്കുണ്ടാകണം. എന്റെ കൈയിലുള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചുമാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവർ നോക്കണമെന്നും കൂടെയുണ്ടാകുമെന്നും രാഹുൽ നിറഞ്ഞ കൈയടികൾക്കിടെ പറഞ്ഞു.