കൽപ്പറ്റ: വയനാടിന്റെ ഹൃദയവികാരം നെഞ്ചിലേറ്റി കൽപ്പറ്റയിൽ പ്രിയങ്കാ ഗാന്ധിയുടെ കൂറ്റൻ റോഡ് ഷോ. കന്നിയങ്കത്തിലെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ജനസാഗരമാണ് വയനാട്ടിലേക്ക് പ്രവഹിച്ചത്. വഴിനീളെ ത്രിവർണ്ണ പതാക പാറിച്ചാണ് റോഡ് ഷോ മുന്നോട്ടു പോകുന്നത്.
കൽപ്പറ്റയിലെ സിവിൽ സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള റോഡ് ഷോ തുടരുകയാണിപ്പോൾ. റോഡ് നിറയെ യു.ഡി.എഫ് പ്രവർത്തകർ ആവേശം വിതറുമ്പോൾ കാലത്ത് നേരത്തെ തന്നെ പ്രിയങ്കയെ കാണാനും അഭിവാദ്യമർപ്പിക്കാനും റോഡിന് ഇരുവശവും ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
റോഡ് ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഉണ്ടെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നില്ല. സുരക്ഷാ കാരണത്താലാണ് ഇത്തരമൊരു ക്രമീകരണം. എങ്കിലും പൊതുസമ്മേളനത്തിൽ ഇരു നേതാക്കളും വോട്ടർമാരെ അഭിവാദ്യം ചെയ്യും.
മഹാരാഷ്ട്രയിൽനിന്നും വിമാനമാർഗം കണ്ണൂരിലെത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് രാവിലെ പത്തരയോടെയാണ് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പ്രിയങ്കയുടെ പത്രികാ സമർപ്പണം. അഞ്ചു സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയതെന്നാണ് വിവരം. ഇന്ന് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അനൂപ് ജേക്കബ്, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഉൾപ്പെടെ യു.ഡി.എഫിന്റെ വിവിധ ഘടകകക്ഷി നേതാക്കളും ആവേശം പകരാൻ റോഡ് ഷോയ്ക്ക് ഒപ്പമുണ്ട്.