കോശങ്ങളെ കാര്യക്ഷമമാക്കുകയും അവയെ നന്നായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന പ്രക്രിയയിൽ MANF (mesencephalic astrocyte derived neurotrophic factor -മെസെൻസ്ഫാലിക് ആസ്ട്രോസൈറ്റ് ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ) എന്ന പേരിലറിയപ്പെടുന്ന സംരക്ഷിത പ്രോട്ടീനുകൾക്ക് പങ്കുണ്ടെന്ന് ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള പഠന സംഘം കണ്ടെത്തി. ഈ പ്രത്യേക പ്രോട്ടീൻ ഉപയോഗപ്പെടുത്തി പ്രായം സംബന്ധമായ വിഷമതകൾ മറികടക്കാൻ സാധിച്ചേക്കാമെന്നതാണ് കണ്ടെത്തലിന്റെ പൊരുൾ.
“കോശങ്ങളുടെ സന്തുലന സ്ഥിതി (homeostasis ഹോമിയോസ്റ്റാസിസ്) യിൽ MANF ൻ്റെ പങ്ക് കണ്ടെത്തിയതിലൂടെ അവ ഉപയോഗപ്പെടുത്തി തലച്ചോറിനെയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സകൾ വികസിപ്പിക്കാനും കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാനും അവയുടെ ആരോഗ്യം കൂടുതൽ കാലം നിലനിർത്താനും സാധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്”: ഇതുസംബന്ധിച്ച ഗവേഷണങ്ങൾക്ക് നേതൃത്വത്തെ നൽകിയ ബയോളജി ശാസ്ത്രജ്ഞനായ പ്രൊഫസർ ഭഗവതി ഗുപ്ത പറഞ്ഞു.
കാനഡയിലെ മാൿമാസ്‌റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സംഘമാണ് ഒരു പ്രോട്ടീൻ്റെ കോശ സംരക്ഷണ പ്രവർത്തനം കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തൽ വാർധക്യസഹജ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നതിനും “ആരോഗ്യപൂർണമായ വാർധക്യം” എന്ന സ്വപ്നതുല്യ നേട്ടത്തിലേക്കും വഴി തുറന്നേക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കോശങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും ഡിസ്പോസൽ പ്രക്രിയകളിലും MANF എന്ന സംരക്ഷിത പ്രോട്ടീനുകൾക്ക് പങ്ക് ഉണ്ടന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഇവയുടെ ലെവലുകൾ വർദ്ധിപ്പിച്ച് കോശങ്ങളിലെ സ്വാഭാവിക ശുദ്ധീകരണം സജീവമാക്കാനും അതിലൂടെ ശരീര പ്രവർത്തനങ്ങൾ കൂടുതൽ കാലം നന്നായി നിലനിർത്താനും കഴിഞ്ഞേക്കാമെന്നതാണ് കണ്ടെത്തൽ നൽകുന്ന പ്രത്യാശ.
പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കോശങ്ങളിൽ നിന്ന് അഹിതകരമായ പ്രോട്ടീനുകൾ ഉണ്ടായേക്കാം. അങ്ങിനെ ക്ലീനിംഗ് പ്രക്രിയ തകരാറിലാകുകയോ അമിതമാകുകയോ ചെയ്യാം. അതിലൂടെ പ്രോട്ടീനുകൾ കൂടിച്ചേരുകയും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാവുകയും ചെയ്യാം. സി. എലിഗൻസ് എന്നറിയപ്പെടുന്ന സൂക്ഷ്മ വിരകളെ കുറിച്ച പഠനമാണ് ഇതിനായി നടത്തിയത്. സി. എലിഗൻസിൽ MANF-ൻ്റെ അളവ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇതിനായി ശാസ്ത്രജ്ഞർ ഉണ്ടാക്കിയിരുന്നു.
“നമ്മുടെ ഗവേഷണം ഇപ്പോൾ വിരകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും അതിലെ കണ്ടെത്തലുകൾക്ക് സാർവത്രിക പ്രസക്തിയുണ്ട്. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളിലും MANF ഉണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്”: സംഘത്തിലുള്ള ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഒരു ഗവേഷകൻ പറഞ്ഞു.
വാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇത് ആധുനിക വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഒരു പൊളിച്ചെഴുത്താണെന്നും പ്രകൃതിദത്തമായ പ്രോട്ടീനുകൾ ഇതിന് ഉപയോഗപ്പെടുത്താമോ എന്നതുൾപ്പെടയുള്ള കാര്യങ്ങൾ വ്യക്തമാവാനിരിക്കുന്നതേയുള്ളൂ എന്നും വിവിധ വിഭാഗങ്ങളിലെ ആരോഗ്യ പ്രവർത്തകർ പ്രതികരിച്ചു.