ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളുമടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ സൂറത്തുൽ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) ആണ് തന്നെ ഇസ്‌ലാമിലേക്ക് ആകർഷിച്ചതും മതംമാറ്റത്തിന് പ്രേരകമായതെന്നും ഈയിടെ സൗദി അറേബ്യ പൗരത്വം നൽകി ആദരിച്ച ഡോ. റിച്ചാഡ് മോർട്ടൽ പറഞ്ഞു. ചരിത്ര, സാംസ്കാരിക, സാഹിത്യ ഗവേഷണ പ്രസിദ്ധീകരണമായ ദാറ ജേണൽ ഓഫ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് മുഖ്യ പത്രാധിപരും ഇസ്ലാമിക ചരിത്ര പണ്ഡിതനും ഗവേഷകനുമാണ് അദ്ദേഹം.
അമേരിക്കൻ വംശജനയാ ഡോ. റിച്ചാർഡ് മോർട്ടൽ കത്തോലിക്കാ ക്രിസ്ത്യൻ വിശ്വാസിയായ സഹവൈദികനായിരുന്നു. അരനൂറ്റാണ്ടിലേറെ മുമ്പ്, തികച്ചും യാദൃശ്ചികമായി അദ്ദേഹത്തിന്റെ ജീവിതം ഒറ്റരാത്രി കൊണ്ട് പുതിയ മാർഗദർശനത്തിന്റെ പാതയിലേക്ക് വഴിമാറിയെത്തിയത്. 1973ൽ മിനസോട്ട യൂനിവേഴ്‌സിറ്റിൽ പഠിക്കവെ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി, സാഹചര്യങ്ങളുടെ നിർബന്ധത്താൽ അറബി ഭാഷ പഠിക്കേണ്ടി വന്നതാണ് ആദ്യ വഴിത്തിരിവ്. അറബി ഭാഷാ പഠനത്തിന്റെ ഭാഗമായി സൂറത്തുൽ ഇഖ്‌ലാസ് ഉൾപ്പെടെയുള്ള വിശുദ്ധ ഖുർആനിലെ ചില ചെറിയ അധ്യായങ്ങൾ പഠിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടു. ഭാഷാ നിഘണ്ടു ഉപയോഗിച്ച് സൂറത്തുൽ ഇഖ്‌ലാസിന്റെ അർഥങ്ങളും ആശയങ്ങളും പഠിച്ചു. ക്രിസ്തുമതത്തിലെ ഒരു പ്രധാന പ്രശ്‌നം ഈ അധ്യായം പരിഹരിക്കുന്നതായി അദ്ദേഹം ആശ്ചര്യത്തോടെ മനസ്സിലാക്കി. നൂറ്റാണ്ടുകളായി വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വഴക്കിനും സംഘർഷത്തിനും കാരണമായ ഏകദൈവ വിശ്വാസമായിരുന്നു അത്.
ഏകദൈവ വിശ്വാസം വിളിച്ചോതുന്ന ആശയങ്ങളും ഏകദൈവത്തിന്റെ ഗുണവിശേഷങ്ങളും വിവരിക്കുന്ന ഈ ഖുർആനിക അധ്യായം തന്റെ സഭയിലെ പുരോഹിതന്മാരുമായി ചർച്ച ചെയ്യാൻ റിച്ചാർഡ് മോർട്ടൽ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ തർക്കിക്കാൻ പുരോഹിതന്മാർ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവർ ആശ്ചര്യപ്പെട്ടു. അദ്ദേഹം അവിശ്വാസിയാണെന്ന് അവർ ആരോപിച്ചു. ഇതാണ് ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ ഗവേഷണം നടത്താനും പ്രവാചകനെ അറിയാനും പ്രേരകമായത്. അവസാനം ഈ പഠനവും ഗവേഷണവും അദ്ദേഹത്തെ ഏകദൈവ വിശ്വാസിയാക്കി മാറ്റുകയായിരുന്നു.
ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇസ്‌ലാമിക ചരിത്ര, പൈതൃക പഠനങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് അദ്ദേഹം കയ്‌റോയിലെത്തി. ഈജിപ്ഷ്യൻ തലസ്ഥാന നഗരിയിലെ പ്രശസ്തമായ കയ്‌റോ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണം പൂർത്തിയാക്കി ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. തുടർന്ന് ഈജിപ്തിൽ നിന്ന് ചെങ്കടൽ കടന്ന് ഇരു ഹറമുകളുടെയും സാന്നിധ്യത്താൽ അനുഗൃഹീതമായ സൗദി അറേബ്യയിലെത്തി വിവിധ സർവകലാശാലകളിൽ അധ്യാപന, ഗവേഷണ മേഖലകളിൽ പ്രവർത്തിച്ചു.
നിലവിൽ കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്‌സിനു (Darah) കീഴിലെ ദാറ ജേണൽ ഓഫ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫായി സേവനമനുഷ്ഠിക്കുകയാണ് ഡോ. റിച്ചാർഡ് മോർട്ടൽ. 1977 മുതല്‍ നീണ്ട 47 വര്‍ഷക്കാലം ഡോ. റിച്ചാര്‍ഡ് മോര്‍ട്ടല്‍ വിവിധ സൗദി യൂനിവേഴ്‌സിറ്റികളില്‍ സേവനമനുഷ്ഠിച്ചു. കിങ് സൗദ് യൂനിവേഴ്‌സിറ്റിയിലും ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും ഫാക്കല്‍റ്റി അംഗമായും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സില്‍ വൈജ്ഞാനിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. സൗദി ചരിത്രവും പൈതൃകവും സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഉൾക്കൊള്ളുന്ന 18 പുസ്തകങ്ങളും ഡോ. റിച്ചാര്‍ഡ് മോര്‍ട്ടൽ രചിച്ചിട്ടുണ്ട്.
പല ഉപദേശക സമിതികളിലും അംഗമായ ഡോ. റിച്ചാര്‍ഡ് മോര്‍ട്ടലിന് വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് നിരവധി ബഹുമതികളും ആദരവുകളും ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക പൈതൃകത്തെ കുറിച്ച് ശാസ്ത്രീയ അവബോധം വര്‍ധിപ്പിക്കുന്നതിലും ഗവേഷണങ്ങളിലും സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം സമ്പന്നമാക്കുന്നതിലും വഹിക്കുന്ന സുപ്രധാന പങ്കിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് സൗദി പൗരത്വം അനുവദിച്ചത്.