കൊച്ചി: വീണ്ടും വിവാഹിതനാകുമെന്ന് നടൻ ബാല. എന്നാൽ, വധു ആരാകുമെന്ന് വെളിപ്പെടുത്തിയില്ല. കുട്ടിയുണ്ടായാൽ മാധ്യമപ്രവർത്തകർ അടക്കം ആരും കാണാൻ വരരുതെന്നും ബാല പറഞ്ഞു. തന്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞാൻ നിയമപരമായി വിവാഹം കഴിക്കും. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. എന്റെ കുടുംബജീവിതത്തിൽ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല പറഞ്ഞു.
എന്റെ സ്വത്ത് ആർക്ക് പോകണമെന്ന് ഞാൻ തീരുമാനിക്കും. ചിലപ്പോൾ ജനങ്ങൾക്ക് കൊടുക്കും. തീരുമാനം എന്റേതായിരിക്കും. എന്റെ സ്വത്ത് കണക്ക് 250 കോടിയെന്ന് തമിഴ്‌നാട്ടിൽ കണക്കു വന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാൾ സ്വത്ത് അനിയൻ ബാലയ്ക്കുണ്ടെന്ന് വാർത്തകളുണ്ടായി. ഇത് പ്രചരിച്ചത് മുതൽ എനിക്ക് മനസ്സമാധാനമില്ല. ഇത് ആര് ചെയ്തതാണെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം.
അച്ഛൻ തന്ന വിൽപ്പത്രത്തിലെ സ്വത്തുവിവരങ്ങൾ മാത്രമാണ് എനിക്ക് അറിയുന്നത്. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. പലരിൽ നിന്നും ഭീഷണിയുള്ള കാര്യം പോലീസിനെ അറിയിച്ചതായും നടൻ വ്യക്തമാക്കി.
മുൻഭാര്യയായ ഗായികയുമായുള്ള തർക്കം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഈയിടെ ബാല അപകീർത്തിപ്പെടുത്തുന്നുവെന്ന് മുൻ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇത് കൂടാതെ മകളും ബാലയ്‌ക്കെതിരെ രംഗത്തുവരികയുണ്ടായി. തുടർന്ന് പോലീസ് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.