ന്യൂജെഴ്‌സി: ഇതിഹാസ താരം ലയണല്‍ മെസി 2025ലെ ഫിഫാ ക്ലബ്ബ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു. മെസിയുടെ ഇന്റര്‍മയാമി ക്ലബ്ബ് അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായാണ് എത്തുക. ആതിഥേയര്‍ക്കായി ഒരു സ്ലോട്ട് നീക്കിവച്ചിട്ടുണ്ട്. ഇത് ഇന്റര്‍മയാമിക്ക് ലഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. ഇന്റര്‍മയാമിയുടെ ഹോം ഗ്രൗണ്ടിലാണ് ഉദ്ഘാടന മല്‍സരം.
എംഎല്‍എസിലേ ചാംപ്യന്‍പ്പട്ടമായ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ഇത്തവണ ഇന്റര്‍മയാമി സ്വന്തമാക്കിയിരുന്നു. ലീഗ് ഘട്ടത്തിലെ ചാംപ്യന്‍മാര്‍ക്കാണ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ലഭിക്കുക.ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ ഇത്തവണ 32 ടീമുകള്‍ കളിക്കും.നിലവില്‍ എല്ലാ കോണ്ടിനന്റില്‍ നിന്നും ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കോപ്പാ ലിബര്‍ട്ടോസ് ചാംപ്യന്‍മാര്‍ കൂടി ക്ലബ്ബ് ലോകകപ്പ് കളിക്കും. നെയ്മറിന്റെ അല്‍ ഹിലാല്‍ ആണ് ലോകകപ്പ് കളിക്കുന്ന മറ്റൊരു ടീം.
ഈജിപ്തില്‍ നിന്ന് അല്‍ അഹ്ലി, മൊറോക്കന്‍ ടീം വെയ്ദാദ്, ടുണീഷ്യന്‍ ടീമായ ഇഎസ് ടുണീസ്, യു എ ഇ ടീമായ അല്‍ ഐന്‍, ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സി, റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യുണിക്ക്, പിഎസ്ജി, ഇന്റര്‍മിലാന്‍, പോര്‍ച്ചുഗ്രീസ് ക്ലബ്ബായ ബെന്‍ഫിക്ക, പോര്‍ട്ടോ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, യുവന്റസ്, അത്‌ല്റ്റിക്കോ മാഡ്രിഡ്, ഐസ്ബര്‍ഗ്, ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസ്, ഫ്‌ളമിംഗോ, അര്‍ജന്റീനന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റ്, ബൊക്കാ ജൂനിയേഴ്‌സ് എന്നിവരും ലോകകപ്പ് കളിക്കും. ജൂണ്‍ 15 മുതല്‍ ജൂലായ് 13 വരെയാണ് ക്ലബ്ബ് ലോകകപ്പ്.