കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ രണ്ടാം ജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ലീഗിലെ നവാഗതരായ കൊല്‍ക്കത്തയിലെ മുഹമ്മദന്‍സിനെയാണ് ഞായറാഴ്ച നേരിടുന്നത്. മത്സരം വൈകീട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലാണ്.
നാലുമല്‍സരത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം മാത്രമാണുള്ളത്. മികച്ച ടീമുണ്ടായിട്ടും മുന്നേറാന്‍ ബ്ലാസ്‌റ്റേഴ്‌സിനാവുന്നില്ല. ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയാന്‍ ലൂണ പരിക്കില്‍നിന്ന് മുക്തനായി എത്തുന്നതും മൊറോക്കന്‍ താരമായ നോഹ സദോയിയുടെ മികച്ച ഫോമും ടീമിന് തുണയാവും. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന പോരായ്മ.
അവസാനം കളിച്ച 15 മത്സരങ്ങളിലും ടീം ഗോള്‍ വഴങ്ങി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഒഡിഷ എഫ്.സി.ക്കും എതിരായ മത്സരങ്ങളില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്‍രെ പിഴവുകളും ടീമിന് തിരിച്ചടിയായി. കൊല്‍ക്കത്തയില്‍ അവസാനം നടന്ന മത്സരങ്ങളില്‍ മോഹന്‍ ബഗാനെയും (1-0) ഈസ്റ്റ് ബംഗാളിനെയും (2-1) തോല്‍പ്പിച്ചത് ആശ്വാസംപകരുന്നകാര്യമാണ്. ടീം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്ന് സ്റ്റാറെ പറഞ്ഞു. നാലുകളിയില്‍ ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി അഞ്ചുപോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.
കൊല്‍ക്കത്ത നാട്ടങ്കത്തില്‍ മോഹന്‍ ബഗാനോട് തോറ്റതിന്റെ (3-0) ക്ഷീണവുമായാണ് മുഹമ്മദന്‍സ് വരുന്നത്. കളി സ്വന്തം തട്ടകത്തിലാണെന്നത് അവര്‍ക്ക് അനുകൂലമാണ്. നാലുകളികളില്‍ ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമായി നാലുപോയിന്റുള്ള മുഹമ്മദന്‍സ് പത്താംസ്ഥാനത്താണ്.