ബെയ്റൂത്ത് – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഡ്രോൺ ആക്രമണം നടത്തിയത് ലെബനോനില്‍നിന്ന്. മധ്യധരണ്യാഴിയുടെ തീരനഗരമായ ഖൈസാരിയയിലാണ് നെതന്യാഹുവിന്റെ വീട്. ഈ സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു. മറ്റു രണ്ടു ഡ്രോണുകള്‍ ഇസ്രായില്‍ സൈന്യം വെടിവെച്ചിട്ടു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള റോഡുകള്‍ ഇസ്രായില്‍ പോലീസ് അടച്ചിരിക്കുകയാണ്. ലെബനോനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഖൈസാരിയയില്‍ നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.
നെതന്യാഹുവിനെ വധിക്കാന്‍ ഇറാനാണ് ശ്രമിച്ചതെന്ന് മുതിര്‍ന്ന ഇസ്രായിലി ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. അവസാനം വരെ തങ്ങള്‍ പോരാടുമെന്നും ഒന്നും തങ്ങളെ തടയില്ലെന്നും വീടിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ആദ്യ പ്രതികരണത്തില്‍ നെതന്യാഹു പറഞ്ഞു. ലെബനോനില്‍ നിന്ന് എത്തിയ ഡ്രോണ്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് നേരിട്ട് ലക്ഷ്യമിടുകയായിരുന്നെന്ന് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഇതുവരെ ഏറ്റെടുത്തിട്ടില്ല. മറ്റു സായുധ ഗ്രൂപ്പുകളും ഉത്തരവാദിത്തമേറ്റിട്ടില്ല. ഇസ്രായില്‍ സൈനിക ഹെലികോപ്റ്ററിനെ മറികടന്നാണ് ലെബനോനില്‍ നിന്ന് തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ഹെലികോപ്റ്ററിനെ ഡ്രോണ്‍ മറികടന്നതോടെ പ്രദേശത്ത് ഉച്ചത്തില്‍ വാണിംഗ് സൈറണ്‍ മുഴങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഹൈഫയിലും പടിഞ്ഞാറന്‍ ഗലീലിയിലും നടന്ന ആക്രമണത്തില്‍ ഒമ്പതു ഇസ്രായിലികള്‍ക്ക് പരിക്കേറ്റതായി ഇസ്രായിലിലെ എമര്‍ജന്‍സി മെഡിക്കല്‍ എയിഡ് ഏജന്‍സിയായ മാഗന്‍ ഡേവിഡ് അഡോമിനെ ഉദ്ധരിച്ച് ജര്‍മന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയിലെ കരയോത് അറ്റയില്‍ മിസൈല്‍ പതിച്ച് വസ്തുവകകള്‍ക്കും റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രായിലി വാര്‍ത്താ പോര്‍ട്ടലായ വാലാ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു മണിക്കൂറിനിടെ ലെബനോനില്‍ നിന്ന് ഇസ്രായില്‍ ലക്ഷ്യമിട്ട് 55 മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായിലി സൈന്യം പറഞ്ഞു.
അതേസമയം, ദക്ഷിണ ലെബനോനിലെ ബിന്‍ത് ജബൈല്‍ ഏരിയയില്‍ ഹിസ്ബുല്ല ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാണ്ടര്‍ നാസിര്‍ അബ്ദുല്‍ അസീസ് റശീദിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ദക്ഷിണ ലെബനോനെയും ബെയ്‌റൂത്തിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേയില്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ദമ്പതികള്‍ മരണപ്പെട്ടു. 2023 ഒക്‌ടോബര്‍ എട്ടു മുതല്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 2,418 പേര്‍ കൊല്ലപ്പെടുകയും 11,336 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് വടക്ക് ഓഫ്‌റ ജൂതകുടിയേറ്റ കോളനിയുടെ പ്രവേശന കവാടത്തില്‍ ഇസ്രായില്‍ സൈനികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനിയെ ഇസ്രായില്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. അമിത വേഗത്തിലുള്ള കാര്‍ ഫലസ്തീനി യുവാവ് ഇസ്രായില്‍ സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫലസ്തീനിയുടെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ഇസ്രായിലി സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഫലസ്തീനി യുവാവ് സ്വന്തം കാര്‍ ഇസ്രായിലി സൈനികരുടെ കാറില്‍ അമിത വേഗതയില്‍ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
അതേസമയം, ഇസ്രായില്‍ ഏപ്പോള്‍, എങ്ങിനെ ഇറാനെ ആക്രമിക്കുമെന്ന് അറിയുന്നവരോട് കണക്കു ചോദിക്കുമെന്ന് അമേരിക്കയെ സൂചിപ്പിച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഭീഷണി മുഴക്കി. ഇറാനെ ഇസ്രായില്‍ എങ്ങിനെ, എപ്പോള്‍ ആക്രമിക്കുമെന്ന് അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നവരും, അല്ലെങ്കില്‍ അത്തരം വിഡ്ഢിത്തങ്ങള്‍ക്ക് മാര്‍ഗങ്ങളും പിന്തുണയും നല്‍കുന്നവരും, ഇത്തരം ആക്രമണങ്ങളിലുണ്ടാകുന്ന ഏതൊരു മനുഷ്യനഷ്ടത്തിനും ഉത്തരവാദികളായിരിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായില്‍ നല്‍കുന്ന തിരിച്ചടി എങ്ങിനെയായിരിക്കുമെന്നും എപ്പോഴായിരിക്കുമെന്നുമുള്ള കാര്യം തനിക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പറഞ്ഞിരുന്നു.