കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കേസിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അഡ്വ. വി വിശ്വൻ മുഖേന ദിവ്യ ജാമ്യാപേക്ഷ നല്കിയത്.
കലക്ടർ അരുൺ കെ വിജയൻ കൂടി കേസിൽ പങ്കു ചേർക്കപ്പെടും വിധമുള്ള പരാമർശമാണ് ഹരജിയിലുള്ളത്. ജില്ലാ കലക്ടറാണ് തന്നെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹരജിയിലുണ്ട്.
യോഗത്തിൽ സംസാരിക്കാൻ തനിക്ക് അവസരം നല്കുകയാണുണ്ടായത്. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാനായി തന്നെ ക്ഷണിച്ചത്. ഡെപ്യൂട്ടി കലക്ടർ ഇരുന്ന കസേരയിൽനിന്ന് എഴുന്നേറ്റ് മാറി ആ കസേര തനിക്ക് തരികയും അതിന് ശേഷം സംസാരിക്കാനായി ക്ഷണിക്കുകയുമായിരുന്നു….സദുദ്ദേശത്തോടെയാണ് യോഗത്തിൽ പരാമർശങ്ങളുണ്ടായത്. മറ്റ് ലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തിലുണ്ടായിരുന്നില്ല. അറിയാവുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക, ശ്രദ്ധയിൽ പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ദിവ്യ വ്യക്തമാക്കി.
‘രണ്ടുദിവസം കഴിഞ്ഞ് നിങ്ങൾക്ക് അറിയാം’ എന്ന ഭീഷണി സ്വരത്തിലുള്ള ദിവ്യയുടെ സംസാരം എ.ഡി.എം ഇക്കാലമത്രയും നേടിയെടുത്ത സത്യസന്ധമായ പ്രവർത്തനങ്ങളെ ഒന്നടങ്കം കരിവാരിത്തേക്കുംവിധത്തിലുളളതായിരുന്നു. അഴിമതി സംബന്ധിച്ച പി.പി ദിവ്യയുടെ പരാമർശത്തിന് പിന്നാലെയാണ് അപമാന ഭാരത്താൽ എ.ഡി.എം നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കിയത്.
സഹപ്രവർത്തകനെന്ന നിലയിലും യോഗത്തിലെ അധ്യക്ഷനെന്ന നിലയിലും ദിവ്യയുടെ അപക്വമായ ഇടപെടൽ തിരുത്താത്ത ജില്ലാ കലക്ടറുടെ നടപടിയും എ.ഡി.എമ്മിന് കടുത്ത മനോവേദനയാണുണ്ടാക്കിയത്. ദിവ്യ പങ്കെടുക്കേണ്ടതല്ലാത്ത യോഗത്തിലേക്ക് കലക്ടർ അവരെ ക്ഷണിച്ചുവരിത്തിയത് എന്തിനാണെന്നും കടുത്ത ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആരോപണ വിധേയമായ പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്ക് ദിവ്യ കാണിച്ച ധൃതിയിലും സംശയങ്ങൾ പലതായുണ്ട്. സ്വന്തം ഭർത്താവിന്റെ പേരിലുള്ള പെട്രോൾ പമ്പിന്റെ പേരിൽ ബിനാമി ഇടപെടലുകളാണ് നടന്നതെന്നും ആരോപണമുണ്ട്.
മുമ്പ് കുട്ടിമാക്കൂലിൽ ദലിത് കുടുംബങ്ങൾക്കു നേരെയുണ്ടായ കടുത്ത ആക്രമണങ്ങളിലും സി.പി.എമ്മിന്റെ വളർന്നുവരുന്ന തീപ്പൊരിയായ ഈ വനിതാ മുഖം പ്രതിചേർക്കപ്പെട്ടിരുന്നു. എന്നാൽ, അധികാരത്തിന്റെ തണലിൽ പിണറായി സർക്കാർ പിന്നീട് ഈ കേസ് എഴുതിത്തള്ളുകയായിരുന്നു. ഇത്തവണയും ദിവ്യ കേസിൽനിന്ന് രക്ഷപ്പെടുമോ, അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.