പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം ശക്തമാകുന്നതിനിടെ ഇരയുടെ കുടുംബത്തിന് കത്ത് അയച്ച് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ. പത്തനംതിട്ട സബ്കലക്ടർ മുഖേനയാണ് നവീന്റെ ഭാര്യ മഞ്ജുഷയെയും മക്കളെയും അഭിസംബോധന ചെയ്തുള്ള കത്ത് കുടുംബത്തിന് കൈമാറിയത്.
കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾക്കും,
പത്തനംതിട്ടയിൽ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്.
ഇന്നലെ നവീനിന്റെ അന്ത്യകർമ്മങ്ങൾ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നു നില്ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല.
നവീന്റെ കൂടെയുള്ള മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല.
ഇന്നലെ വരെ എന്റെ തോളോട് ചേർന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീൻ. എനിക്ക് ഏത് കാര്യവും വിശ്വസിച്ച് ഏല്പ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ..
സംഭവിക്കാൻ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്പുമ്പോളും, നവീന്റെ വേർപാടിൽ എനിക്കുള്ള വേദനയും, നഷ്ടബോധവും പതർച്ചയും പറഞ്ഞറിയിക്കാൻ എന്റെ വാക്കുകൾക്ക് കെല്പ്പില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ. ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമെ ഇപ്പോൾ സാധിക്കുകയുള്ളൂ.
പിന്നീട് ഒരവസരത്തിൽ നിങ്ങളുടെ അനുവാദത്തോടെ ഞാൻ വീട്ടിലേക്ക് വരാം.