- വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ്, പി.പി ദിവ്യയെ വിളിച്ചുവരുത്തിയതിലും ഗൂഢാലോചനയെന്ന് സംശയം
കണ്ണൂർ/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ജില്ലാ കളക്ടർ അരുൺ കെ വിജയനെയും വെട്ടിലാക്കുന്ന ഗുരുതര ആരോപണം. നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കലക്ടറാണെന്നാണ് ആരോപണം.
നവീൻ ബാബു വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂർ കളക്ടറാണെന്നുമാണ് വിമർശം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം കോന്നി ഏരിയ കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനൻ ആആവശ്യപ്പെട്ടു.
കണ്ണൂർ കലക്ടർക്കെതിരായ ആരോപണം സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ആവശ്യപ്പെട്ട. യാത്രയയപ്പ് ചടങ്ങിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. അതിൽ നല്ല പങ്ക് ജില്ലാ കലക്ടർക്ക് ഉള്ളതായി പറയപ്പെടുന്നു. കുടുംബത്തിന്റെ താത്പര്യത്തിനനുസരിച്ച് പാർട്ടി നിൽക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘കലക്ടേറ്റിൽ രാവിലെയായിരുന്നു യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പി.പി ദിവ്യക്കു വേണ്ടി കലക്ടർ ഇടപെട്ട് ചടങ്ങിന്റെ സമയം മാറ്റി. സി.പി.എം സംസ്ഥാന സമിതി ഉചിതമായ തീരുമാനം എടുക്കണമെന്നും ദിവ്യക്കെതിരെ കൂടുതൽ നടപടി വേണമെന്നും’ മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു. രാജികൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്നും ഇരയുടെ കുടുംബത്തിന് നീതി കിട്ടിയെ തീരൂവെന്ന ശക്തമായ നിലപാടിലാണ് പത്തനംതിട്ടയിലെ സി.പി.എം പ്രവർത്തകരും നേതാക്കളുമെല്ലാം.
അതിനിടെ, പ്രശ്‌നത്തിൽ കലക്ടർ നൽകിയ റിപോർട്ടിൽ ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൃത്യമായ ചാനലിലൂടെയാണ് കാര്യങ്ങൾ നീക്കിയതെന്നുമാണ് വ്യക്തമാക്കിയതെന്ന് വിവരമുണ്ട്.
വിവാദമായ പെട്രോൾ പമ്പിനു പിന്നിൽ സി.പി.എം നേതാവായ ദിവ്യയുടെ ഭർത്താവാണെന്നും ഇത് മറച്ചുപിടിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഒ.സിക്ക് അമിത താൽപര്യമെടുത്ത് ഉദ്യോഗസ്ഥനെ വിരട്ടിയതെന്നും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശമാണ് ദിവ്യക്കെതിരേയും കലക്ടർക്കെതിരേയും ഉയരുന്നത്. എന്നാൽ, നിയമവഴിയിലൂടെ താൻ നിരപരാധിത്വം തെളിയിക്കുമെന്നാണ് ദിവ്യയുടെ അവകാശവാദം.
നാട്ടിലേക്ക് ട്രാൻസ്ഫറായ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർ അരുണിന്റെ സാന്നിധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ദിവ്യയെ യോഗത്തിനെത്തിച്ചതും അപമാനിച്ച് സംസാരിച്ചിട്ടും അത് തടയാതെ, അവർ പറഞ്ഞതെല്ലാം കലക്ടർ കേട്ടിരുന്നതും സമൂഹമാധ്യമത്തിൽ വൻ പ്രകോപനമാണ് ക്ഷണിച്ചുവരുത്തിയത്.
കലക്ടർ എടുക്കേണ്ട പണി എടുക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു….നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും. ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരുപക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’ എന്നിങ്ങനെയാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വന്ന പ്രതികരണങ്ങൾ.