- കോൺഗ്രസിലെ ഇടതുപക്ഷമായിരുന്നു ഞാനെന്നും എന്നാൽ ഇനി ഞാൻ യഥാർത്ഥ ഇടതുപക്ഷത്തോടൊപ്പം നിൽക്കാനാണ് ശ്രമിക്കുകയെന്നും ഡോ. പി സരിൻ
പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസുമായി ഇടഞ്ഞ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന ഡോ. പി സരിൻ. കേരളത്തിലെ കോൺഗ്രസിന്റെ അധപതനത്തിന്റെ യഥാർത്ഥ കാരണം സതീശനാണെന്നും ധിക്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹത്തിനെന്നും സരിൻ കുറ്റപ്പെടുത്തി.
‘കോൺഗ്രസിലെ ഇടതുപക്ഷമായിരുന്നു ഞാനെന്നും എന്നാൽ ഇനി ഞാൻ യഥാർത്ഥ ഇടതുപക്ഷത്തോടൊപ്പം നിൽക്കാനാണ് ശ്രമിക്കുകയെന്നും’ വാർത്താസമ്മേളനത്തിനിടെ കോൺഗ്രസിൽനിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിനുള്ളിലെ ഉൾപാർട്ടി ജനാധിപത്യം സതീശൻ തകർത്തു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി സതീശനെത്തിയത് അട്ടിമറിയിലൂടെയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ‘കുട്ടി’ സതീശനാണെന്നും സരിൻ ആരോപിച്ചു. ഔചിത്യമില്ലാത്ത ആൾ രൂപമാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് രാഹുലിന് തിരിച്ചടിയുണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.
സതീശൻ, സി.പി.എം വിരുദ്ധത അണികളിലേക്ക് അടിച്ചേൽപ്പിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കേണ്ട എന്നതാണ് സതീശന്റെ നിലപാടെന്നും സരിൻ കുറ്റപ്പെടുത്തി.
വടകര ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഷാഫിയുടെ സ്ഥാനാർത്ഥിത്വം സതീശന്റെ അട്ടിമറിയാണ്. ഷാഫിയെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയെ സഹായിക്കാനാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് വഴിവെച്ചത് സതീശന്റെ തന്ത്രമാണ്. അത് ബി.ജെ.പിയെ സഹായിക്കാൻ മാത്രമാണ്. പാർട്ടിയെ നിയന്ത്രിക്കുന്നത് മൂന്നംഗ സംഘമാണെന്ന് സതീശനെയും രാഹുലിനെയും ഷാഫിയെയും പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന ഷാഫിക്ക് അതിനുള്ള അർഹതയില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സംസ്‌കാരം ഇതല്ല. കേരള രാഷ്ട്രീയം മലീമസമാക്കുന്നതിൽ ഷാഫിക്കും പങ്കുണ്ടെന്ന് സരിൻ ആരോപിച്ചു. പാലക്കാട് നഗരസഭ ബി.ജെ.പിക്ക് വിട്ടുകൊടുത്തത് നവംബർ 13ന്റെ സെറ്റിൽമെന്റാണോയെന്നും സരിൻ ചോദിച്ചു. ഷാഫിക്ക് ലഭിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സി.പി.എം വോട്ടുകൾ രാഹുലിന് ലഭിക്കില്ല. പിന്നെ, എവിടുന്ന് ജയിക്കാനുള്ള വോട്ടുകൾ കണ്ടെത്തുമെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും സരിൻ പറഞ്ഞു.