പത്തനംതിട്ട: യാത്രയയപ്പ് ചടങ്ങിനിടെ ജനപ്രതിനിധിയിൽ നിന്നുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെ മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്തോടെ കലക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം 11.35-ഓടെയാണ് സ്വന്തം ജന്മനായ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചത്. വികാരനിർഭരമായ രംഗങ്ങളാണ് എങ്ങും സാക്ഷ്യം വഹിച്ചത്. വേർപാടിൽ നെഞ്ചുലഞ്ഞ് സങ്കടക്കലായിരിക്കുകയാണ് നാടും വീടും.
ഒരുമിച്ച് ജോലി ചെയ്തവരും സുഹൃത്തുക്കളും കേട്ടറിഞ്ഞവരും നാട്ടുകാരും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാന നോക്ക് കാണാൻ പ്രവഹിച്ചത്. മന്ത്രിമാരായ കെ രാജൻ, വീണ ജോർജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി മാത്യു ടി തോമസ് തുടങ്ങി നിരവധി പേരാണ് അന്തിമോപചാരമർപ്പിച്ചത്. കണ്ണീരടക്കാനാകാതെയാണ് പലരും ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. തന്റെ പഴയ സഹപ്രവർത്തകൻ നവീന്റെ മൃതദേഹത്തിനരികെ വിതുമ്പലടക്കാനാവാതെയാണ് മുൻ കലക്ടറും വിഴിഞ്ഞം സീപോർട്ട് എം.ഡിയുമായ ദിവ്യ എസ് അയ്യർ അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചത്.
ഒരു സഹപ്രവർത്തകൻ എന്നതിനപ്പുറം നവീനുമായി ഒരാത്മബന്ധമുണ്ടായിരുന്നു. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയാണ് നവീൻ എല്ലാവരെയും കാണുക. ഏത് സമയത്തും എന്ത് കാര്യത്തിന് വിളിച്ചാലും സഹായവുമായി ഓടിയെത്തുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു നവീനെന്നും ദിവ്യ ഓർത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ അനവസരത്തിലെ അപക്വമായ പെരുമാറ്റത്തിന് പിന്നാലെയാണ് എ.ഡി.എം നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.