പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ സ്ഥാനാർത്ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്ന കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയാ വിംഗ് കൺവീനർ ഡോ. പി സരിനെതിരേ അച്ചടക്ക നടപടി. പാർട്ടിയിലെ കടുത്ത നടപടിയുടെ മുന്നോടിയെന്നോണം എ.ഐ.സി.സി സോഷ്യൽ മീഡിയ ക്യാമ്പയ്‌നിങ് ഗ്രൂപ്പിൽനിന്ന് സരിനെ നേതൃ നിർദേശാനുസരണം പാർട്ടി നീക്കി.
ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാളായിരുന്ന സരിനെ മറ്റൊരംഗം വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നും നീക്കം ചെയ്യുകയായിരുന്നു. അതിനിടെ, ഇന്ന് സരിൻ വീണ്ടും മാധ്യമങ്ങളെ കാണുന്നുണ്ട്.
പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. സരിൻ മത്സരിക്കുമെന്നാണ് വിവരം. പാർട്ടി ചിഹ്നമില്ലാതെ, ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാവാൻ സരിൻ സി.പി.എം നേതൃത്വവുമായി ധാരണയിൽ എത്തിയതായാണ് സൂചന. ഇക്കാര്യത്തിൽ സരിന്റെ വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തോടെ കൂടുതൽ ചിത്രം വ്യക്തമാവും.
ഡോ. സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കുമെന്നുറപ്പാണ്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എം സരിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടതുപക്ഷത്തിന് കൂടുതൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ്. സരിന്റെ സിവിൽ സർവീസ് പ്രൊഫൈൽ അടക്കമുള്ളവ തെരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്യുമെന്നും സി.പി.എം വിലയിരുത്തലുണ്ട്. സരിന്റെ വാർത്താസമ്മേളനത്തിനുശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനവും വേഗത്തിൽ ഉണ്ടാകാനാണ് സാധ്യത.
അതിനിടെ, ആലത്തൂരിന്റെ മുൻ എം.പി രമ്യ ഹരിദാസ് മത്സരിക്കുന്ന ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. മണ്ഡലത്തിലെ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും എ.ഐ.സി.സി അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ എൻ.കെ സുധീറാണ് കോൺഗ്രസിന് തലവേദനയായി പാർട്ടി വിട്ട് പുതിയ ചിഹ്നത്തിൽ മത്സരിക്കുക.
ഈയിടെ സി.പി.എമ്മുമായി പോർവിളിച്ച് ബന്ധം വിച്ഛേദിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ കൂട്ടായ്മയായ ഡി.എം.കെയുടെ സ്വതന്ത്ര ബാനറിലാവും സുധീർ മത്സരിക്കുക. സ്ഥാനാർത്ഥിയാക്കാമെന്ന് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഓഫറുണ്ടായിരുന്നു. എന്നാൽ, അവസാനം കോൺഗ്രസ് തന്നെ പരിഗണിച്ചില്ലെന്നും അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനാലാണ് അൻവറിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നുമാണ് സുധീർ പറയുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും ഉടനെ രാജിവെക്കും. ഒരു ഉപാധിയുമില്ലാതെയാണ് ഡി.എം.കെയ്‌ക്കൊപ്പം പ്രവർത്തിക്കുകയെന്നും സുധീർ വ്യക്തമാക്കി.