ജിദ്ദ – സ്വകാര്യ ആരോഗ്യ മേഖലയില്‍ നാലു തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു. എക്‌സ്‌റേ (റേഡിയോളജി) തൊഴില്‍ മേഖലയില്‍ 65 ശതമാനവും ലബോറട്ടറി തൊഴില്‍ മേഖലയില്‍ 70 ശതമാനവും ഫിസിയോ തെറാപ്പി മേഖലയില്‍ 80 ശതമാനവും ചികിത്സാ പോഷകാഹാര തൊഴില്‍ മേഖലയില്‍ 80 ശതമാനവും സൗദിവല്‍ക്കരണമാണ് ഇനി മുതല്‍ പാലിക്കേണ്ടത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്വദേശികള്‍ക്ക് ആകര്‍ഷകവും ഉല്‍പാദനക്ഷമവുമായ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ മേഖലയില്‍ നാലു തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തുന്നത്.
രണ്ടു ഘട്ടങ്ങളായാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആറു മാസത്തിനു ശേഷം 2025 ഏപ്രില്‍ 17 ന് നിലവില്‍ വരുന്ന ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അല്‍കോബാര്‍ എന്നീ പ്രധാന നഗരങ്ങളിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മറ്റു നഗരങ്ങളിലെയും പ്രവിശ്യകളിലെയും വന്‍കിട ആരോഗ്യ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും.
12 മാസത്തിനു ശേഷം 2025 ഒക്‌ടോബര്‍ 17 ന് നിലവില്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. സ്വദേശി തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാനും യുവതീയുവാക്കളെ തൊഴിലവസരങ്ങളോടെ ശാക്തീകരിക്കാനുമുള്ള തൊഴില്‍ വിപണി തന്ത്രത്തിനും ആരോഗ്യ മേഖലയിലെ പരിവര്‍ത്തന പ്രോഗ്രാമുകള്‍ക്കും അനുസൃതമായും ആരോഗ്യ മേഖലാ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള മുന്‍ തീരുമാനങ്ങളുടെ തുടര്‍ച്ചയെന്നോണവുമാണ് നാലു തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഗുണപരവും ആകര്‍ഷകവുമായ തൊഴിലവസരങ്ങള്‍ നേടാന്‍ സ്വദേശികളെ പ്രാപ്തരാക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.