പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ് നേതാവും പാർട്ടിയുടെ ഡിജിറ്റൽ മീഡിയ കൺവീനറുമായ ഡോ. പി സരിൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയതിന് എതിരേയാണ് സരിൻ.
എ.ഐ.സി.സി നേതൃത്വം കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 13 മണിക്കൂർ പിന്നിട്ടെങ്കിലും ഇതുവരെയും സരിൻ പ്രസ്തുത തീരുമാനം തന്റെ ഫേസ് ബുക്ക് പേജിലോ മറ്റോ പങ്കുവെക്കാൻ തയ്യാറായില്ല.
തന്റെ അഭിപ്രായം കൃത്യമായി നേതൃത്വത്തെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നും ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്നതിൽ യോജിപ്പില്ലെന്നുമാണ് സരിന്റെ നിലപാട്. സരിനെ അനുനയിപ്പിക്കാൻ സഹപ്രവർത്തകരും കോൺഗ്രസ് നേതാക്കളും ഏറെ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.
ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിന് പിന്നിലെന്ന് കോൺഗ്രസിൽ ചിലർക്കെല്ലാം അഭിപ്രായമുണ്ട്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഇല്ലെന്നും ഇവർ വിമർശിക്കുന്നു. ഡോ. പി സരിനോ വി.ടി ബൽറാമോ സ്ഥാനാർത്ഥി ആകട്ടെ എന്നാണ് ഇവരുടെ നിലപാട്. ഡോ. സരിൻ ഇന്ന് രാവിലെ 11.45-ഓടെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
അതിനിടെ, ഡോ. സരിൻ എന്തു പറയുമെന്ന് കാത്തിരിക്കുകയാണ് സി.പി.എം നേതൃത്വം. സരിൻ അതൃപ്തി പരസ്യമാക്കി സ്ഥാനം രാജിവെക്കുമോ, അതോ നേതൃ തീരുമാനം അപ്പടി അനുസരിച്ച് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
ഡോ. സരിൻ കോൺഗ്രസ് നേതൃത്വത്തിന് എതിരേ കലാപക്കൊടിയുമായി രംഗത്തുവരികയാണെങ്കിൽ ഒരു കൈ സഹായവുമായി അടവുനയത്തിന് തയ്യാറെന്ന സൂചനയാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്നത്. സരിൻ പരസ്യമായി രംഗത്തിറങ്ങുകയാണെങ്കിൽ അടവുനയം ഉപയോഗിക്കാനടക്കമുള്ള നീക്കങ്ങൾ പ്രാദേശിക സി.പി.എം നേതൃത്വം നടത്തിവരികയാണ്. മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി നേതൃത്വത്തിന്റെ പരിഗണനയിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ മന്ത്രി ഇ.കെ ഇമ്പിച്ചിബാവയുടെ മകളുമായ കെ ബിനുമോൾക്കു പകരം അനിവാര്യമെങ്കിൽ ഡോ. സരിനെ നിയോഗിക്കാനും നേതൃത്വം മടിക്കില്ലെന്നും വിവരമുണ്ട്.