കല്‍പ്പറ്റ: വയനാട് ലോക് സഭാമണ്ഡലം വീണ്ടും തെരഞ്ഞെടുപ്പുചൂടിലേക്ക്. ഉപ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ മണ്ഡലത്തില്‍ രാഷ്ട്രീയ മുന്നണികള്‍ ഉണര്‍ന്നു. മണ്ഡലത്തില്‍ യുഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്ന ഐഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫും എന്‍ഡിഎയും ആരെ നിയോഗിക്കുമെന്ന ചര്‍ച്ച പൊതുജനങ്ങള്‍ക്കിടിയില്‍ സജീവമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം.
ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് വയനാട് മണ്ഡലം ഉപ തെരഞ്ഞെടുപ്പ്. അതിനാല്‍ മണ്ഡലത്തില്‍ പ്രിയങ്കയുമായുള്ള പോരിന് എല്‍ഡിഎഫും എന്‍ഡിഎയും കരുത്തരെത്തന്നെ രംഗത്തിറക്കുമെന്നു വ്യക്തമാണ്. ഇടതുമുന്നണി സിപിഐയ്ക്കും എന്‍ഡിഎ ബിജെപിക്കും അനുവദിച്ചതാണ് വയനാട് സീറ്റ്. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ സിപിഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. ആനി രാജയും സുരേന്ദ്രനും ഉപ തെരഞ്ഞെടുപ്പില്‍ മത്സരത്തിനു ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പൊതുവെ വിലയിരുത്തല്‍. ഉപ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതുമാണ്.
ഇടുക്കിയില്‍നിന്നുള്ള പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ ഇ.എസ്. ബിജിമോള്‍, കോഴിക്കോടുനിന്നുള്ള പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം പി. വസന്തം എന്നിവരാണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ് സത്യന്‍ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗവുമായ പി. വസന്തം. പാര്‍ട്ടി സ്ഥാനാര്‍ഥിയായി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ബിജെപി സ്ഥാനാര്‍ഥി സാധ്യത സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരെക്കുറിച്ചുള്ള ചോദ്യത്തിന് ‘ അക്കാര്യം ദേശീയ നേതൃത്വം യഥാസമയം പ്രഖ്യാപിക്കും’ എന്നാണ് വയനാട് മണ്ഡലത്തിലെ ബിജെപി നേതാക്കളില്‍ ഒരാള്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയായതിനാല്‍ പ്രാപ്തിയും ജനസമ്മതിയുള്ള നേതാവിനെ പാര്‍ട്ടി മത്സരത്തിനു നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത എല്‍ഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങള്‍ കാണുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 3,64,422 വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയും ഇന്ത്യ സഖ്യം നായകനുമായ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2,83,023 വോട്ടാണ് ആനി രാജയ്ക്കു ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ 1,41,045 വോട്ട് നേടി.
ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കു കുറഞ്ഞത് അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം സമ്മാനിക്കണമെന്ന ചിന്തയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് ഒരുക്കത്തില്‍ ഇതര മുന്നണികളെ അപേക്ഷിച്ച് യുഡിഎഫ് വളരെ മുന്നിലുമാണ്. വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങള്‍ ചേരുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഈ ഏഴ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് കോണ്‍ഗ്രസ് ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഓരോ മണ്ഡലത്തിലും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കു ലഭിച്ചതിലും മികച്ച വിജയം പ്രിയങ്ക ഗാന്ധി നേടുന്നതിനു ഉതകുന്നതാണ് നിലവില്‍ സംസ്ഥാനത്തുള്ള രാഷ്ടീയസാഹചര്യമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. പ്രിയങ്കയുമായുള്ള മത്സരത്തില്‍ അദ്ഭുതം സംഭവിക്കാനില്ലെന്ന തിരിച്ചറിവോടെയാണ് എല്‍ഡിഎഫും എന്‍ഡിഎയും മത്സരത്തിന് തയാറെടുക്കുന്നത്.