തിരുവനന്തപുരം: സമനില ഉറപ്പിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തി കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റ് ശൈലിയില്‍ ബാറ്റ് വീശിയ കേരളം എട്ട് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കുകയായിരുന്നു. സ്‌കോര്‍: പഞ്ചാബ് 194, 142; കേരളം 179 & 158/2
ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബിനെ 194 റണ്‍സിനു കീഴടക്കാന്‍ സാധിച്ചെങ്കിലും ബാറ്റിങ് തകര്‍ച്ച കാരണം കേരളം 15 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 142 റണ്‍സിന് എറിഞ്ഞിട്ട കേരളം, വിജയലക്ഷ്യമായ 158 റണ്‍സ് മഴയ്ക്കു മുന്‍പേ 36 ഓവറില്‍ അടിച്ചെടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ തന്ത്രപരമായ മാറ്റങ്ങള്‍ ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ കേരളം, ഓവറില്‍ ശരാശരി നാല് റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്താണ് വിജയകരമായി റണ്‍ ചേസ് പൂര്‍ത്തിയാക്കിയത്. രോഹന്‍ കുന്നുമ്മലിനൊപ്പം യുവതാരം വത്സല്‍ ഗോവിന്ദാണ് ആദ്യ ഇന്നിങ്‌സില്‍ ഓപ്പണ്‍ ചെയ്തതെങ്കില്‍, രണ്ടാം ഇന്നിങ്‌സില്‍ വത്സലിനു പകരം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി തന്നെ ഇറങ്ങി.
36 പന്തില്‍ നാല് ഫോറും രണ്ടു സിക്‌സും സഹിതം 48 റണ്‍സെടുത്ത രോഹന്‍, ടീമിന്റെ കുതിപ്പിന് ആവശ്യമായ അടിത്തറയിട്ടു. മൂന്നാം നമ്പറില്‍ 61 പന്ത് നേരിട്ട് രണ്ടു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത ബാബാ അപരാജിത് സുരക്ഷിതമായ റണ്‍ റേറ്റ് നിലനിര്‍ത്തി. മറുവശത്ത് ഇന്നിങ്‌സിന്റെ കെട്ടുറപ്പിനു പ്രാധാന്യം നല്‍കിയ സച്ചിന്‍ ബേബി 114 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു ബൗണ്ടറി മാത്രമാണ് സച്ചിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ഏഴ് റണ്‍സെടുത്ത സല്‍മാന്‍ നിസാറും പുറത്താകാതെ നിന്നു.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സര്‍വാതെയും ബാബാ അപരാജിതും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിനെ തകര്‍ത്തു കളഞ്ഞത്. രണ്ട് വിക്കറ്റുമായി ജലജ് സക്‌സേനയും ഉറച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയിരുന്ന സര്‍വാതെ ഇതോടെ കേരളത്തിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റ് നേടി. ജലജിന് ആകെ ആറ് വിക്കറ്റും കിട്ടി. ഇവര്‍ മൂവരുമാണ് ഈ സീസണില്‍ കേരളത്തിനു വേണ്ടി കളിക്കുന്ന അതിഥി താരങ്ങള്‍.