തൃശൂർ: തൃശൂർ പൂരം അലങ്കോലമായപ്പോൾ ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് തൃശൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്.
പൂരം അലങ്കോലമായതിനെ തുടർന്നുള്ള ചർച്ചയിൽ പങ്കെടുക്കാൻ രാത്രിയിൽ സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് ആംബുലൻസിൽ എത്തിയത് നിയമവിരുദ്ധമാണെന്നാണ് പരാതിയിലുള്ളത്. രോഗികളെ കൊണ്ടുപോകുന്നതിനു മാത്രം ഉപയോഗിക്കേണ്ട ആംബുലൻസ് അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും പരാതിയിൽ വ്യക്തമാക്കി.
സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി ചർച്ചയ്ക്ക് എത്തിയത്. മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
തൃശൂർ പുരം അലങ്കോലപ്പെട്ടപ്പോൾ മന്ത്രിമാർക്കു പോലും സാധിക്കാത്ത കാര്യം എ.ഡി.ജി.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യേക ഇടപെടലിലൂടെ ആംബുലൻസ് വഴി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് എത്താൻ സൗകര്യപ്പെടുത്തിയത് കടുത്ത രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. അങ്ങനെ പ്രശ്‌നപരിഹാര ദൂതനായി സുരേഷ് ഗോപിയെ അവതരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഗൂഢ നീക്കമുണ്ടായെന്നാണ് വിമർശം. അതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായെന്നുമാണ് വിലയിരുത്തൽ