- എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. മദ്രസകൾക്കെതിരായ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം ഗൗരവമുള്ളതാണെന്നും സി.പി.ഐ നേതാവ്
തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഒരു പാഠമാണെന്നും അത്തരം ആളുകളെ ആഘോഷിക്കുന്നത് ശരിയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അൻവർ ജാഗ്രത പുലർത്തണം എന്ന പാഠമാണ് നൽകുന്നത്. സി.പി.എമ്മിന് മാത്രമല്ല സി.പി.ഐക്കും ഇതൊരു പാഠമാണെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
വയനാട് തുരങ്ക പാത പദ്ധതിയിൽ വിശദമായ പഠനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനം നല്ലതാണ്. എന്നാൽ, വയനാട് ദുരന്തം നമ്മുടെ കൺമുമ്പിലുണ്ട്. പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് പലർക്കും സംശയങ്ങളുണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. നിലവിലെ പരിഷ്‌കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ, പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് സ്‌പോട്ട് ബുക്കിങ് വേണമെന്നാണ് പാർട്ടി നിലപാട്. ഭക്തർക്ക് അസൗകര്യം ഉണ്ടാകരുത്. വിഷയത്തിൽ ശബരിമലയിൽ ആർ.എസ്.എസും ബി.ജെ.പിയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും. അതിനെ ചെറുക്കണമെന്നും അവർക്ക് വടി കൊടുക്കരുതെന്നും ബിനോയ് വിശ്വം സർക്കാർ നിലപാടിന് എതിരായി പറഞ്ഞു.
തൃശൂർ പൂരം കലക്കിയതിൽ ആർക്കാണ് ഉത്തരവാദിത്തം എന്നുള്ളത് പുറത്ത് വരണം. എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പിൻവലിക്കണമെന്നും അത് മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആവർത്തിച്ചു. മദ്രസകൾക്കെതിരായ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം ഗൗരവമുള്ളതാണ്.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമമാണ് പുതിയ ഉത്തരവിന് പിന്നിലുള്ളത്. രാഷ്ട്രത്തിന് ഒരു മതമുണ്ട്, അത് ഹിന്ദു മതമാണ് എന്നതാണ് പുതിയ ഉത്തരവിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ രാഷ്ട്രീയം. ബാബരി പള്ളി പൊളിച്ചപ്പോൾ, വീണ്ടും പള്ളികൾ പൊളിക്കുമെന്ന് പറയുമ്പോൾ മുസ്‌ലിം സമുദായത്തിൽ ആശങ്കയുണ്ട്. മതനിരപേക്ഷ സമൂഹത്തിൽ ആധിയുണ്ട്. അത് വർധിപ്പിക്കുന്നതാണ് പുതിയ നീക്കം.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സ്പർധയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. ജനങ്ങളുടെ ഐക്യം അനിവാര്യമാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ അപകടകരമാണ്. അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.