ആലപ്പുഴ: പിണറായി സർക്കാറിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയ നിലമ്പൂർ എം.എൽ.എ പി.വി അൻവർ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ചർച്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
വെള്ളാപ്പള്ളിയെ പൊന്നാടയണിയിച്ചാണ് പി.വി അൻവർ സംഭാഷണത്തിന് തുടക്കമിട്ടത്.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായും അച്ചടക്ക നടപടിക്കു വിധേയനായ എം.ഡി.ജി.പി അജിത് കുമാറുമായും നല്ല ബന്ധത്തിലുള്ള വെള്ളാപ്പള്ളി നടേശനെ ഇരുവരുമായും കൊമ്പുകോർക്കുന്ന പി.വി അൻവർ കണ്ടത് എന്തിനാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയരുന്ന ചോദ്യം. തന്റെ പുതിയ കൂട്ടായ്മയായ ഡി.എം.കെയെക്കുറിച്ച് വെള്ളാപ്പള്ളിയെ ധരിപ്പിച്ചോ എന്നതടക്കമുള്ള വിഷയങ്ങളും അഭ്യൂഹങ്ങളായുണ്ട്.
അതിനിടെ, സന്ദർശനത്തിൽ ഇരുവരും പ്രതികരിച്ചത് ഇങ്ങനെയാണ്:
രാഷ്ട്രീയം വേറെ, സൗഹൃദം വേറെ, പി.വി അൻവറിന് രാഷ്ട്രീയ ഉപദേശം നല്കാനില്ലെന്നും താൻ രാഷ്ട്രീയക്കാരനല്ലെന്നുമാണ് കൂടിക്കാഴ്ച്ചയെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അൻവറിനെ നേരത്തെ അറിയാം. മുമ്പും അൻവർ ഇവിടെ വന്നിട്ടുണ്ട്. അൻവറിന്റെ വിമർശങ്ങളിൽ അഭിപ്രായം പറയാൻ താനില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്നും അൻവറിന്റെ അഭിപ്രായത്തോട് വിമർശം ഉണ്ടോ ഇല്ലയോ എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിലിരിക്കുന്ന വിഷയത്തിൽ താൻ എന്ത് പറയാനാണ്? ഞാൻ ഡി.എം.കെയിലും ഇല്ല എ.ഡി.എം.കെയിലും ഇല്ല. അൻവറിന് അൻവറിന്റെ നിലപാട്, എനിക്ക് എന്റെ നിലപാട്. ശബരിമല വിവാദ വിഷയമാക്കരുത്. അവിടെ എല്ലാ ഭക്തർക്കും ദർശനത്തിന് അവസരം ഒരുക്കണം. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും തികച്ചും സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്ന് പി.വി അൻവറും പ്രതികരിച്ചു. സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പുതിയ വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അക്കാര്യത്തിൽ പിന്നീട് പ്രതികരിക്കാമെന്നും വെള്ളാപ്പള്ളിയുടെ കുടുംബവീട്ടിൽ വച്ച് അക്കാര്യത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും അൻവർ വ്യക്തമാക്കി.