പത്തനംതിട്ട: ശബരിമല സ്‌പോട്ട് ബുക്കിംഗ് വിഷയത്തിൽ ദേവസ്വം മന്ത്രിയെയും സർക്കാറിനെയും വിമർശിച്ച് സി.പി.ഐ മുഖപത്രത്തിൽ ലേഖനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പാഠം പഠിച്ചില്ലെന്നും ദർശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നുമാണ് ജനയുഗത്തിൽ ലേഖനം.
ദുശ്ശാഠ്യങ്ങൾ ശത്രു വർഗത്തിന് ആയുധം നൽകുന്നതാകരുത്. സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല വകുപ്പ് മന്ത്രി വി.എൻ വാസവൻ ശ്രമിച്ചതെന്നും ശബരിമല വിഷയം എന്ന ഓർമയെങ്കിലും വേണ്ടെയെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സി.പി.ഐയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഓർമപ്പെടുത്തൽ. സ്‌പോർട്ട് ബുക്കിങ് വേണ്ടെന്ന സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടിരുന്നു.
ഓൺലൈൻ ബുക്കിങ് ഇല്ലാതെതന്നെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു. ശബരിമലയിൽ അവസരത്തിനായി കാത്തിരിക്കുന്ന സംഘപരിവാറിന് വടി കൊടുക്കരുതെന്ന വികാരം കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിശ്വാസികളിൽ ഉണ്ട്. സ്‌പോട്ട് ബുക്കിങ് വേണമെന്ന ഭക്തരുടെ വികാരത്തോട് യോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ തള്ളിപ്പറയാനാവാതെ, ഇളവിൽ സർക്കാർ അന്തിമ തീരുമാനമെടുക്കട്ടെയെന്ന നിലയിലാണ് ദേവസ്വം ബോർഡ് ഉള്ളത്. ഇന്ന് ബോർഡ് വീണ്ടും യോഗം ചേരുമെന്നും ശബരിമലയിൽ മാലയിട്ട് എത്തുന്ന ആർക്കും ദർശനം സാധ്യമല്ലാത്ത സ്ഥിതിയുണ്ടാവില്ലെന്നുമാണ് ഇവർ പറയുന്നത്.
സ്‌പോർട്ട് ബുക്കിങ്ങിനു പകരം ബദൽ സംവിധാനമെന്നോണം, ഇടത്താവളങ്ങളിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഭക്തർക്കായി ഒരുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കിയിരുന്നു. ഇതോടെ സ്‌പോട്ട് ബുക്കിങ് ഇല്ല എന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് മന്ത്രിയുടെ വാദം. എന്തായാലും സ്‌പോട്ട് ബുക്കിങ് സർക്കാർ പാടെ ഉപേക്ഷിച്ചാൽ അത് രാഷ്ട്രീയ ആയുധമാക്കി ശബരിമലയിൽ വീണ്ടും മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കിണഞ്ഞ ശ്രമത്തിലാണ് തത്പര കക്ഷികൾ.