കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് കടവന്ത്ര പോലീസ് നടനെ അറസ്റ്റ് ചെയ്തത്. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായി ഉപദ്രവിച്ചതും ഏറ്റവും ഒടുവിൽ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്നടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ പരാതിയിലുണ്ടെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത മകളെ മാനസിക ദുരിതത്തിലേക്ക് തള്ളിവിട്ടതായും പരാതിയിലുണ്ട്.
ബാലയുടെ മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെ.ജെ ആക്റ്റ് ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയത്. ഇന്ന് പുലർച്ചെയാണ് നടനെ പോലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്ര സ്റ്റേഷനിലെത്തിച്ചത്. ശേഷം രാവിലെ ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ മുൻ ഭാര്യയും ബാലയും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായിരുന്നു. ഇതിനിടെ, ഇവരുടെ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ വിശദീകരണവുമായി രംഗത്തുവരേണ്ട സാഹചര്യവും ഉണ്ടായി. തുടർന്നാണ് മുൻഭാര്യ നിയമപരമായി നീങ്ങിയത്.
ഇതിന് പിന്നാലെ ബാല മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തതോടെ, കുട്ടി കനത്ത സൈബർ ബുള്ളിയിങ് നേരിട്ടിരുന്നു. ഇതിനെതിരെ അമൃത സുരേഷും രംഗത്തെത്തിയത് ഏറെ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.