റിയാദ്- തലസ്ഥാന നഗരിയെ വിനോദ വിസ്മയത്തിലാഴ്ത്തുന്ന റിയാദ് സീസണ്‍ ആഘോഷ രാവുകളുടെ ഭാഗമായി സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ വാരാഘോഷത്തിന് ഇന്ന് തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷരാവില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി കലാകാരന്മാര്‍ പങ്കെടുക്കും. ഈ മാസം 21 വരെയാണ് ഇന്ത്യന്‍ ആഘോഷങ്ങള്‍ നടക്കുന്നത്. വൈകുന്നേരം നാലു മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമാണെങ്കിലും വിബുക് ഡോട്ട്‌കോം വഴി ബുക്ക് ചെയ്യണം.
6.30ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിശാലമായ സുവൈദി പാര്‍ക്കിനെ പ്രദക്ഷിണം ചെയ്യുന്ന ഘോഷയാത്രയോടെ ആഘോഷത്തിന് തുടക്കമാകും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ഛൗ നൃത്തം, ഘൂമാര്‍ നൃത്തം, ഗര്‍ബ നൃത്തം, കല്‍ബെലിയ നൃത്തം, നാസിക് ഢോള്‍, ചെണ്ടമേളം, പഞ്ചാബി ഡാന്‍സ്, ലാവണി നൃത്തം തുടങ്ങിയവ അണിനിരക്കുന്ന ഘോഷയാത്ര ഇന്ത്യന്‍ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായിരിക്കും.ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ക്രിക്കറ്റ് താരങ്ങളായ ഉംറാന്‍ മാലിക്ക് (ഒക്ടോബര്‍ 14), ശ്രീശാന്ത് (ഒക്ടോബര്‍ 20), ബോളിവുഡ് സംഗീതജ്ഞനായ ഹിമേഷ് രേഷ്മി (ഒക്ടോബര്‍18), പ്രമുഖ ഇന്ത്യന്‍ ഹിപ്‌ഹോപ് റാപ്പര്‍ എമിവേ ബന്‍തായ് എന്ന ബിലാല്‍ ശൈഖ് (ഒക്ടോബര്‍ 20) എന്നിവരെത്തും.
ഇന്നു മുതല്‍ നവംബര്‍ 30 വരെയാണ് സുവൈദി പാര്‍ക്കിലെ ആഘോഷങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉല്‍സവങ്ങള്‍ക്ക് ശേഷം ഫിലിപൈന്‍സ്, ഇന്തോനേഷ്യ, പാകിസ്താന്‍, യമന്‍, സുഡാന്‍, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സാംസ്‌കാരിക വാരങ്ങളും അരങ്ങേറും.