കൊല്ലം: ‘മത പഠനക്ലാസ്’ എന്ന വാക്ക് തെറ്റാണെന്നും അത് മാറ്റി എല്ലാ വിഭാഗങ്ങളും ‘ആത്മീയ പഠനം’ എന്നാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല, ബൈബിളാണ്. ആത്മീയമായ അറിവ് ലഭിക്കാനാണ് ഇതൊക്കെ നടത്തുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരെന്ന് പഠിപ്പിക്കാനോ, ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളെയും മുസ്‌ലിംകളെയും കണ്ടാൽ തിരിഞ്ഞുനടക്കണം എന്നുമല്ല പഠിപ്പിക്കുന്നത്.
പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ തന്നെ പഠിപ്പിക്കണം. ഏത് മതത്തിന്റെ ആത്മീയത എടുത്തുപടിച്ചാലും അത് ഒന്നാണ്. അതിന്റെ പേരിൽ കലഹിക്കേണ്ടതില്ല. മത പഠനക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം.
മദ്രസകൾ അടച്ചു പൂട്ടുന്നത് അപകടകരമാണെന്നും മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പത്തനാപുരത്ത് നടന്ന ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന വിഭാഗത്തിന്റെ (ഒ.സി.വൈ.എം) രാജ്യാന്തര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മുസ്‌ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂങ് അയച്ച കത്തിലുള്ളത്. മദ്രസകളിൽ കുട്ടികളുടെ ഭരണഘടനപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നടക്കം ഗുരുതരമായ വിമർശങ്ങൾ ഉന്നയിച്ചുള്ള കത്തിൽ മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാറുകൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കമുണ്ടെന്നും പരിശീലനം കിട്ടാത്ത അധ്യാപകരാണ് ഇവിടങ്ങളിലുള്ളതെന്നും ദേശീയ ബാലാവകാശ കമ്മിഷൻ റിപോർട്ടിലുണ്ട്. ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്താനിലെ പുസ്തകങ്ങളാണ്. യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്‌ലിം ഇതര കുട്ടികളെയും മദ്രസകളിൽ നിന്ന് ഉടൻ മാറ്റണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കി അടയ്ക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കമ്മിഷൻ നീക്കങ്ങൾക്കെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ തലങ്ങളിൽനിന്ന് ഉയരുന്നത്. എൻ.ഡി.എ സഖ്യകക്ഷികളും ബാലവകാശ കമ്മിഷൻ നിലപാടിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളെ ഹനിക്കാനാണ് ദേശീയ ബാലാവകാശ കമ്മിഷന്റെ ശ്രമമെന്നാണ് വിമർശം. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ബോധനം നടത്താനുമുള്ള അവകാശം രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്നതാണ്. മദ്രസകളിൽനിന്ന് മികച്ച ധാർമിക ശിക്ഷണവും അക്ഷരാഭ്യാസവുമാണ് കുട്ടികൾക്ക് നൽകുന്നതെന്നിരിക്കെ വിഭാഗീയ ചിന്തകളുയർത്തി ചേരിതിരുവുണ്ടാക്കാനേ ബാലവകാശ കമ്മിഷൻ നിർദേശം സഹായിക്കൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മദ്രസകൾ സർക്കാറിൽനിന്ന് ഒരു സാമ്പത്തിക സഹായവും സ്വീകരിക്കുന്നില്ലെന്നിരിക്കെ തൊറ്റിദ്ധാരണ പരത്താനും ബോധപൂർവ നീക്കങ്ങളുണ്ട്. ഇനി എവിടെയെങ്കിലും വീഴ്ചകളുണ്ടെങ്കിൽ അത്തരം മദ്രസകളെ കണ്ടെത്തി റിപോർട്ട് തേടി കുറ്റമറ്റതാക്കാനാവണം നടപടി. അതല്ലാതെ, രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നീക്കങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ എൽ.ജെ.പി അടക്കം പ്രതികരിച്ചു.