ന്യൂഡൽഹി: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മിഷൻ നടപടിക്കെതിരെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ രംഗത്ത്. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിത്. തീരുമാനത്തിൽ നിന്നും ദേശീയ ബാലാവകാശ കമ്മിഷൻ പിന്മാറണമെന്നും ഇത് ആരെയും ശാക്തീകരിക്കാനല്ല, മറിച്ച് മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്നും അവർ വ്യക്തമാക്കി.
മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നതാണ്. അക്ഷരാഭ്യാസം നൽകുന്നതിലും ധാർമികമൂല്യങ്ങൾ വളർത്തുന്നതിലും മദ്രസകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. കമ്മിഷൻ നിലപാടിനെ ശക്തമായി അപലപിക്കുന്നതായും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയ ബാലാവകാശ കമ്മിഷൻ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചത്. മുസ്‌ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂങ് അയച്ച കത്തിലുള്ളത്.
മദ്രസകളിൽ കുട്ടികളുടെ ഭരണഘടനപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നടക്കം ഗുരുതരമായ വിമർശങ്ങൾ ഉന്നയിച്ചുള്ള കത്തിൽ മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാറുകൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ തലങ്ങളിൽനിന്ന് ഉയരുന്നത്. എൻ.ഡി.എ സഖ്യകക്ഷികളും ബാലവകാശ കമ്മിഷൻ നിലപാടിനെതിരേ രംഗത്തുവന്നിട്ടുണ്ട്.