പറ്റ്‌ന: വിജയദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വിവാദ സമ്മാനം നൽകി ബി.ജെ.പി എം.എൽ.എ. ബിഹാറിലെ സീതാമർഹി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയായ മിഥിലേഷ് കുമാറാണ് കപ്രോൽ റോഡിൽ നടന്ന പൊതുപരിപാടിയിൽ പെൺകുട്ടികൾക്ക് വാൾ സമ്മാനിച്ച് വിവാദത്തിലായത്.
ചടങ്ങിനെത്തിയ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കാണ് എം.എൽ.എ വാളുകൾ വിതരണം ചെയ്തത്. വാളുകൊണ്ട് അതിക്രമങ്ങളെ അതിജീവിക്കാൻ സഹോദരിമാർക്ക് കഴിയുമെന്നു പറഞ്ഞായിരുന്നു എം.എൽ.എ വാളുകൾ വിതരണം ചെയ്തത്. ഏതെങ്കിലും ദുഷ്ട വ്യക്തികൾ നമ്മുടെ സഹോദരിമാരെ തൊട്ടാൽ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടിമാറ്റണമെന്ന് എം.എൽ.എ ആഹ്വാനം ചെയ്തു.
സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. പിന്നീട് നീതി ലഭിക്കാനായി അവർക്ക് ഓടിനടക്കേണ്ടി വരുന്നു. നീതി ലഭിക്കുന്നത് പലപ്പോഴും വൈകുന്നു. പല നേതാക്കളും പ്രതികൾക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ഈ വാളുപയോഗിച്ച് പെൺകുട്ടികൾക്ക് സ്വയം രക്ഷിക്കാൻ കഴിയുമെന്ന് മിഥിലേഷ് കുമാർ പറഞ്ഞു.
ഇത്തരം പ്രവർത്തി ചെയ്യുന്നവന്റെ കൈവെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം. ആവശ്യമെങ്കിൽ ഞാനും നിങ്ങളുമെല്ലാം ഇതിന് തയ്യാറാകണം. സഹോദരിമാരോട് വിരോധമുള്ള എല്ലാ കുറ്റവാളികളെയും നശിപ്പിക്കണം. തന്നെ ഈ ഉദ്യമത്തിൽ പിന്തുണയ്ക്കാൻ എം.എൽ.എ ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിനിടെ തോക്കുകളും വാളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ വേദിയിൽ പ്രദർശിപ്പിക്കുകയുണ്ടായി.
എം.എൽ.എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വാളുകൾ വിതരണം ചെയ്യുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.