- മുസ്‌ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ
ന്യൂഡൽഹി: മദ്രസകൾ അടച്ചു പൂട്ടണമെന്നാവശ്യപ്പട്ട് ദേശീയ ബാലാവകാശ കമ്മിഷൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മിഷൻ അയച്ച കത്തിലുള്ളത്.
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശമാണ് കത്തിലുള്ളത്. മുസ്‌ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മിഷന്റെ കണ്ടെത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. മദ്രസയിൽ പഠിക്കുന്ന മുസ്‌ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. മദ്രസകളിൽ മുസ്‌ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാണെന്നുൾപ്പെടെ ഗുരുതര വിമർശങ്ങളാണ് കത്തിലുള്ളത്.
എൻ.സി.പി.സിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11-നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. ‘വിശ്വാസത്തിന്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും’ എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന റിപോർട്ടിന്റെ ഭാഗമായാണ് പുതിയ നിർദേശം.
കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ബാലാവകാശ കമ്മിഷൻ നിർദേശങ്ങളോട് യോജിക്കാനാകില്ലെന്നാണ് എൻ.ഡി.എ സഖ്യകക്ഷിയായ എൽ.ജെ.പി നിലപാട്. ഏതെങ്കിലും സംസ്ഥാനങ്ങൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പഠിച്ച് നിർദേശങ്ങൾ നൽകാം. അതിന് പകരം മദ്രസകൾ പൂർണമാകും നിർത്തലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും പാർട്ടി എ.കെ വാജ്‌പേ വ്യക്തമാക്കി. അതേസമയം, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു പ്രതികരിക്കാൻ തയ്യാറായില്ല. ബാലവകാശ കമ്മിഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ് വാദി പാർട്ടി വക്താവും എം.പിയുമായ ആനന്ദ് ബദൗരിയ വിമർശിച്ചു.