റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന നിലക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന് ഇമ്മാനുവല്‍ മാക്‌റോണ്‍ ആവശ്യപ്പെട്ടു. ലെബനോനില്‍ യു.എന്‍ സമാധാന സൈനികരെ ഇസ്രായില്‍ മനഃപൂര്‍വം ലക്ഷ്യമിടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. യു.എന്‍ സമാധാന സൈനികര്‍ക്കു നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമായി പ്രകടിപ്പിച്ച രാജ്യങ്ങള്‍ക്ക് മാക്‌റോണ്‍ നന്ദി പറഞ്ഞു.
ഗാസയിലും ലെബനോനിലും ഇസ്രായില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലിലേക്ക് കയറ്റി അയക്കുന്നത് നിര്‍ത്തുക എന്നത് സംഘര്‍ഷര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനുള്ള ഏക പോംവഴിയാണ്. ഇത്തരമൊരു നടപടി ഇസ്രായിലിനെ നിരായുധമാക്കില്ല. ഗാസയിലും ലെബനോനിലും ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലേക്ക് കയറ്റി അയക്കുന്നത് നിര്‍ത്തണമെന്ന് ഫ്രാന്‍സ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാഷ്ട്ര നേതാക്കളും ഇതേയാവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ഏക പോംവഴിയാണിതെന്നും ഇമ്മാനുവല്‍ മാക്‌റോണ്‍ പറഞ്ഞു.
ഗാസയിലും ലെബനോനിലും യുദ്ധം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വകവും ശാശ്വതവുമായ പരിഹാരമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും ഗ്രീസും പോര്‍ച്ചുഗലും ക്രോയേഷ്യയും സ്ലോവേനിയയും സൈപ്രസും മാള്‍ട്ടയും ആവശ്യപ്പെട്ടതായി മെഡിറ്ററേനിയന്‍ സമുദ്രാതിര്‍ത്തി പങ്കിടുന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ഉച്ചകോടിയുടെ സമാപനത്തില്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റോഡൂളിഡസ് പറഞ്ഞു. ലെബനോനില്‍ യു.എന്‍ സമാധാന സേനക്കു നേരെ ഇസ്രായില്‍ വീണ്ടും ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പാരീസിലെ ഇസ്രായില്‍ അംബാസഡറെ വിളിച്ചുവരുത്തി ഫ്രഞ്ച് വിദേശ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ലെബനോനിലെ യു.എന്‍ സമാധാന സേനയില്‍ ഫ്രാന്‍സ് പ്രധാന പങ്കാളിയാണ്. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്, ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം – ഫ്രഞ്ച് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച യു.എന്‍ സമാധാന സേനയിലെ ശ്രീലങ്കന്‍ ബറ്റാലിയനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു തൊട്ടു മുമ്പ് ഇസ്രായില്‍ നടത്തിയ സമാനമായ മറ്റൊരു ആക്രമണത്തില്‍ ഇന്തോനേഷ്യന്‍ സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ദക്ഷിണ ലെബനോനില്‍ യു.എന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് നിറയൊഴിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സമാധാന സേന ആരോപിച്ചു.