കാസർകോട്: കാസർക്കോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറി(60)ന്റെ മരണത്തിൽ ചന്തേര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ അനൂപിന് സസ്‌പെൻഷൻ. എസ്.ഐയെയുടെ പീഡനത്തെ തുടർന്നാണ് സത്താർ ജീവനൊടുക്കിയതെന്ന് കുടുംബവും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും ആരോപിച്ചിരുന്നു. ഇയാളെ സസ്‌പെൻഡ് ചെയ്യണമെന്ന ശക്തമായ ആവശ്യത്തിന് പിന്നാലെയാണ് നടപടി.
അതിനിടെ, എസ്.ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ നിവൃത്തിയില്ലാതെയാണ് എസ്.ഐക്കെതിരെ നടപടി ഉണ്ടായതെന്നാണ് പറയുന്നത്.
സത്താറിന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ എസ്.ഐ അനൂപ് പിടിച്ചുവയ്ക്കുകയായിരുന്നു. നാലു ദിവസമായിട്ടും ഓട്ടോ വിട്ടുകൊടുക്കാതെ വന്നതോടെ വീട് പട്ടിണിയിലാണെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷം അബ്ദുൽസത്താർ ജീവനൊടുക്കുകയായിരുന്നു. വാടക മുറിയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈവ് കണ്ട് ആളുകൾ ഓടി എത്തിയപ്പോഴേക്കും ജീവിതം കൈവിട്ടു പോയിരുന്നു. ഡിവൈ.എസ്.പി പറഞ്ഞിട്ടും എസ്.ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കളും മറ്റും വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്. കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിൽ യാത്രക്കാരന്റെ പരാതിയിൽ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ കണ്ടുവെന്നും അതിന് ശേഷം ഫോൺ എടുക്കാനായി സ്റ്റേഷന് പുറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ അടുത്തേക്ക് പോയപ്പോൾ അനൂപ് മർദിച്ചുവെന്നുമാണ് എസ്.ഐക്കെതിരായ പരാതിയിലുള്ളത്. ഇയാൾ നിരന്തരം ഓട്ടോ ഡ്രൈവർമാരെ ഉപദ്രവിക്കുന്നതായി പരാതികളുണ്ട്.