പത്തനംതിട്ട: വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ് വിനീതിനെയാണ് ഡി.എം.ഒയുടെ അന്വേഷണ റിപോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്.
ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി അടൂർ സ്വദേശിനിയായ നിർധനയായ വീട്ടമ്മയോട് ഡോക്ടർ 12000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തിൽ യുവജനസംഘടനകൾ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡി.എം.ഒ ഇന്നലെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം 25ന് ശബ്ദരേഖ സഹിതം ആശുപത്രി സൂപ്രണ്ട് ഡോ. ജെ മണികഠന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന കാര്യവും ഡി.എം.ഒയുടെ റിപോർട്ടിലുണ്ടെന്നാണ് വിവരം. ഇതിൽ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.