കോഴിക്കോട്: ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടി-ബിന്ദു ദമ്പതികളുടെ മകൻ അഭിൻ കൃഷ്ണ(22)യാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ മാവൂർ ചെറൂപ്പയിൽ വച്ചാണ് അപകടമുണ്ടായത്.
പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് വരുകയായിരുന്നു യുവാവ്. ജലജീവൻ മിഷൻ പൈപ്പ് ഇടാൻ റോഡ് കീറിയപ്പോൾ രൂപപ്പെട്ട കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പ്രതികരിച്ചു.
റോഡിലെ കുഴിയുടെ സമീപമെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ, ബൈക്കിൽ വരികയായിരുന്ന അഭിനും ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണംവിട്ട് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഇതേസമയം എതിർദിശയിൽ നിന്നുള്ള ബൈക്ക് ഇടിച്ചതായും പറയുന്നു. അഭിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.